പാകിസ്താനെ തകർത്തെറിഞ്ഞ് റെക്കോർഡ് വിജയം സ്വന്തമാക്കി ഇന്ത്യ |India
പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ റെക്കോർഡ് വിജയം സ്വന്തമാക്കി ഇന്ത്യ. 228 റൺസിന്റെ ഭീമാകാരമായ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ ഉണ്ടായത്.
ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ വിരാട് കോഹ്ലിയും കെഎൽ രാഹുലും സെഞ്ചുറികളുമായി മിന്നിത്തിളങ്ങിയപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവ് തീയായി മാറുകയായിരുന്നു. മറുവശത്ത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു നാണക്കേടാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമയും(56) ശുഭ്മാൻ ഗില്ലും(58) തകർപ്പൻ തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 121 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഇരുവരും ഇന്ത്യയ്ക്ക് നൽകിയത്.
പിന്നീട് മൂന്നാമനായിറങ്ങിയ വിരാട് കോഹ്ലിയും രാഹുലും അടിച്ചു തകർത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. മത്സരത്തിൽ കോഹ്ലി 94 പന്തുകളിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 122 റൺസ് നേടിയപ്പോൾ, രാഹുൽ 106 പന്തുകളിൽ 12 ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 111 റൺസ് നേടുകയായിരുന്നു. ഇങ്ങനെ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 356ന് 2 എന്ന ഭീമാകാരമായ സ്കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ആദ്യം മുതൽ ചുവടു പിഴയ്ക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാർ കൃത്യമായ ലൈനും ലെങ്ത്തും കണ്ടെത്തിയതോടെ പാക്കിസ്ഥാൻ വിറയ്ക്കാൻ തുടങ്ങി. പാകിസ്ഥാൻ നിരയിലെ ഒരു ബാറ്റര്ക്ക് പോലും ക്രീസിലുറയ്ക്കാനോ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്താനോ സാധിച്ചില്ല. 27 റൺസ് നേടിയ ഫക്കർ സമനാണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ.
മറുവശത്ത് ഇന്ത്യയ്ക്കായി കുൽദീപ് യാദവാണ് ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത്. 8 ഓവറുകൾ എറിഞ്ഞ കുൽദീപ് 25 റൺസ് മാത്രം വിട്ടു നൽകി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയം തന്നെയാണ് മത്സരത്തിൽ നേടിയിരിക്കുന്നത്.