സച്ചിന്റെ ലോകകപ്പ് സെഞ്ചുറികൾ മുതൽ ഗെയ്ലിന്റെ സിക്സറുകൾ വരെ|World Cup 2023 |Rohit Sharma
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ നിരവധി റെക്കോർഡുകൾ തകർക്കാൻ തയ്യാറെടുക്കുകയാണ്.ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടവും സ്വന്തം മണ്ണിൽ രണ്ടാമത്തേതും നേടുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 8-ന് ഓസ്ട്രേലിയയെ നേരിട്ട് വേൾഡ് കപ്പിന് തുടക്കം കുറിക്കും.
സച്ചിൻ ടെണ്ടുൽക്കറുടെ ലോകകപ്പ് സെഞ്ചുറികളുടെ റെക്കോർഡ് മുതൽ ക്രിസ് ഗെയ്ലിന്റെ സിക്സ് സ്കോർ വരെയുള്ള റെക്കോർഡുകൾ ലക്ഷ്യം വെച്ചാണ് രോഹിത് ഇറങ്ങുന്നത്.അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ രോഹിത്തിന് തകർക്കാൻ കഴിയുന്ന റെക്കോർഡുകൾ പരിശോധിച്ച് നോക്കാം.ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ നായകൻ ഇറങ്ങും. നിലവിൽ 17 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ച്വറികളുമായി സച്ചിനൊപ്പം രോഹിത് ഒപ്പമുണ്ട്.
2019 ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ രോഹിത് ആ ഫോം ഇന്ത്യയിലും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു.ഏകദിന ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാൻ ഈ 36കാരന് സാധിക്കും. രോഹിതിന്റെ നിലവിലെ ലോകകപ്പ് റെക്കോർഡ് 17 മത്സരങ്ങളിൽ നിന്ന് 65.20 ശരാശരിയിൽ 978 റൺസാണ്.22 റൺസ് കൂടി നേടാനായാൽ, സച്ചിൻ ടെണ്ടുൽക്കർ (2,278), വിരാട് കോഹ്ലി (1,030), സൗരവ് ഗാംഗുലി (1,006) എന്നിവർക്കൊപ്പം ലോകകപ്പിൽ 1000 റൺസ് പിന്നിട്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് തകർക്കാൻ രോഹിത് ശർമയ്ക്ക് കഴിയും.451 മത്സരങ്ങളിൽ നിന്ന് 551 സിക്സറുകൾ പറത്തിയ രോഹിത്, ഗെയ്ലിന്റെ 553 സിക്സുകളുടെ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.രാജ്യാന്തര ക്രിക്കറ്റിൽ 18,000 റൺസ് തികയ്ക്കാനും രോഹിത് അടുത്തു. എല്ലാ ഫോർമാറ്റുകളിലായി 451 മത്സരങ്ങളിൽ നിന്നായി 17,642 റൺസ് നേടിയിട്ടുള്ള രോഹിതിന് സച്ചിൻ ടെണ്ടുൽക്കർ (34,357), വിരാട് കോഹ്ലി (25,767), രാഹുൽ ദ്രാവിഡ് (24,064), സൗരവ് ഗാംഗുലി (18,433) എന്നിവർക്കൊപ്പം എത്താൻ 352 റൺസ് മതി.
Player in 2015 ➡️ Leading run-scorer in 2019 ➡️ Captain in 2023 🙌
— BCCI (@BCCI) September 29, 2023
𝗠𝗶𝘀𝘀𝗶𝗼𝗻 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 𝗕𝗲𝗴𝗶𝗻𝘀 🏟️
Skipper Rohit Sharma is geared up for #CWC23 😎#TeamIndia | @ImRo45 pic.twitter.com/FX5CPykLLF
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 അർധസെഞ്ചുറികൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആകാൻ രോഹിത്തിന് ഇനി വെറും മൂന്ന് അർധസെഞ്ചുറികൾ കൂടി മതി. നിലവിൽ ടെസ്റ്റിൽ 16 അർധസെഞ്ചുറികളും ഏകദിനത്തിൽ 52ഉം ടി20യിൽ 29 അർധസെഞ്ചുറികളും രോഹിത് നേടിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ (164), രാഹുൽ ദ്രാവിഡ് (145), വിരാട് കോഹ്ലി (132), എംഎസ് ധോണി (108), സൗരവ് ഗാംഗുലി (106) എന്നിവരാണ് ഇന്ത്യക്കായി നൂറിലധികം അർധസെഞ്ചുറികൾ നേടിയ താരങ്ങൾ.