നനഞ്ഞ പടക്കമായി മാറി സഞ്ജു സാംസൺ ,രക്ഷകനായി സച്ചിൻ ബേബി ; കേരളത്തിന് മികച്ച സ്കോർ |Sanju Samson
ആഭ്യന്തര ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിലും പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ നനഞ്ഞ പടക്കമായി മാറുകയായിരുന്നു.
മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ കേവലം 2 പന്തുകൾ മാത്രമാണ് ക്രീസിൽ തുടർന്നത്. രണ്ടു പന്തുകളിൽ ഒരു റൺ മാത്രം നേടി സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. വലിയ പ്രതീക്ഷയോടെ തന്നെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു സഞ്ജു സാംസന്റെ മത്സരത്തിലെ പ്രകടനം. പക്ഷേ നിർണായകമായ ടൂർണമെന്റിലും തന്റെ അസ്ഥിരതയാർന്ന ബാറ്റിംഗ് തുടരുകയാണ് സഞ്ജു.
മത്സരത്തിൽ ടോസ് നേടിയ ഹിമാചൽ പ്രദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർ മുഹമ്മദ് അസറുദ്ദീൻ നൽകിയത്. മത്സരത്തിൽ 14 പന്തുകളിൽ 20 റൺസ് നേടാൻ അസറുദ്ദീന് സാധിച്ചു. ശേഷം മൂന്നാമനായെത്തിയ വിഷ്ണു വിനോദ് കേരളത്തിനായി അടിച്ചു തകർക്കുന്നതാണ് കണ്ടത്.
27 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 44 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ നിർണായ സമയത്ത് വിഷ്ണുവിന്റെ വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടി ആവുകയായിരുന്നു. പിന്നീട് മൈതാനത്തെത്തിയ സഞ്ജു സാംസനും പരാജയപ്പെട്ടതോടെ കേരളം കടപുഴകി വീഴുമെന്ന് എല്ലാവരും കരുതി.
kerala Team for SMAT T20 (2023/24)#captainsanju #teamkerala#sanjusamson
— Sanju Samson Fans Kerala (@SSFKofficial) October 12, 2023
Sanju Samson Fans Association (SSFA) pic.twitter.com/9OAoF0e54o
പക്ഷേ അവസാന ഓവറുകളിൽ രക്ഷകനായി സച്ചിൻ ബേബി അവതരിച്ചതോടെ കേരളം ഭേദപ്പെട്ട ഒരു സ്കോറിലേക്ക് നീങ്ങി. 20 പന്തുകൾ നേരിട്ട സച്ചിൻ ബേബി 4 ബൗണ്ടറുകളടക്കം 30 റൺസാണ് നേടിയത്. ഇതോടെ കേരളം നിശ്ചിത 20 ഓവറുകളിൽ 163 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് ഹിമാചലിനായി ടഗർ നാലോവറുകളിൽ 33 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. ഹിമാചലിനെ ചെറിയൊരു സ്കോറിലൊതുക്കി വൻവിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള നിര ഇപ്പോൾ.