വിരാട് കോലിക്ക് സെഞ്ച്വറി !! ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കി നാലാം ജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023
ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു സൂപ്പർ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ഏഴു വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ തുടർച്ചയായ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യക്കായി ബൂമ്ര, സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ കോഹ്ലിയുടെവെടിക്കെട്ട് സെഞ്ച്വറി ആണ് മത്സരത്തിൽ കണ്ടത്. ഒപ്പം രോഹിത്തും ഗില്ലും തങ്ങളുടെ ഫോം പുറത്തെടുത്തപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം കൈവരിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ബംഗ്ലാദേശിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാൻ ബംഗ്ലാദേശിന്റെ ഓപ്പണർമാർക്ക് സാധിച്ചു. ലിറ്റെൻ ദാസ് 82 പന്തുകളില്‍ 7 ബൗണ്ടറികളടക്കം 66 റൺസ് നേടിയപ്പോൾ, 43 പന്തുകളിൽ 51 റൺസ് ആണ് തൻസീദ് ഹസൻ നേടിയത്. എന്നാൽ ഇരുവരും കൂടാരം കയറിയതോടെ ബംഗ്ലാദേശ് പതറുകയായിരുന്നു. പിന്നീട് എത്തിയ ബംഗ്ലാദേശ് ബാറ്റർമാർക്ക് പ്രതീക്ഷിക്കോത്ത് ഉയരാൻ സാധിച്ചില്ല.
പിന്നീട് റഹീമും(38) മഹമ്മദുള്ളയും(46) മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇങ്ങനെ ബംഗ്ലാദേശിന്റെ സ്കോർ 256 റൺസിൽ എത്തുകയായിരുന്നു.ഇന്ത്യക്കായി ബൂമ്രയും സിറാജും ജഡേജയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമ അടിച്ചു തകർക്കുന്നതാണ് വീണ്ടും കണ്ടത്. പവർപ്ലേ ഓവറുകളിൽ തന്നെ ബംഗ്ലാദേശിനെ അടിച്ചു ചുരുട്ടാൻ രോഹിത്തിന് സാധിച്ചു. 40 പന്തുകൾ നേരിട്ട് 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 48 റൺസ് ആണ് രോഹിത് നേടിയത്. മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗില്ലും മത്സരത്തിൽ മികവ് പുലർത്തി.
55 പന്തുകളിൽ 53 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. ഇരുവരും പുറത്തായശേഷം വിരാട് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കാണ് കോഹ്ലി വഹിച്ചത്. മത്സരത്തിൽ 97 പന്തുകൾ നേരിട്ട കോഹ്ലി 103 റൺസ് ആണ് നേടിയത്. ഇങ്ങനെ ഇന്ത്യ അനായാസം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.