അവസാന മത്സരത്തിൽ ആസാമിനെതിരെ പരാജയവുമായി കേരളം |Kerala
സൈദ് മുഷ്തഖ് അലി ട്രോഫിയിലെ അവസാന മത്സരത്തിൽ ആസാമിനെതിരെ പരാജയപ്പെട്ട് കേരളം. ഒരു ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് കേരളം നേരിട്ടത്. കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന വിഷ്ണു വിനോദം സഞ്ജു സാംസനും അടക്കമുള്ള ബാറ്റർമാർ മത്സരത്തിൽ പരാജയപ്പെട്ടതാണ് വലിയ തിരിച്ചടിയായത്. എന്നിരുന്നാലും കേരള ബോളർമാർ കൃത്യമായ രീതിയിൽ തിരിച്ചുവരികയുണ്ടായി. പക്ഷെ ആസാം നായകൻ റിയാൻ പരഗ് കൃത്യസമയത്ത് അവസരത്തിനൊത്ത് ഉയർന്നതോടെ മത്സരത്തിൽ ആസാം വിജയം സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ആസമിന് വെടിക്കെട്ട് തുടക്കം തന്നെയാണ് തങ്ങളുടെ ബോളർമാർ നൽകിയത്. കേരളത്തിന്റെ മുൻനിരയെ തകർക്കാൻ ആസാം പേസർമാർക്ക് സാധിച്ചു. ഓപ്പണർ രോഹൻ കുന്നുമ്മൽ ഒരു വശത്ത് ക്രീസിലുറച്ചെങ്കിലും മറുവശത്ത് കേരളത്തിന്റെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. വലിയ പ്രതീക്ഷയായിരുന്നു വിഷ്ണു വിനോദ്(5) സഞ്ജു സാംസൺ(8) തുടങ്ങിയവർ ചെറിയ സ്കോറിന് കൂടാരം കയറിയപ്പോൾ കേരളം സമ്മർദ്ദത്തിലാവുകയായിരുന്നു.
മത്സരത്തിന്റെ ഒരു സമയത്ത് കേരളം 63ന് 6 എന്ന നിലയിൽ തകർന്നു. ശേഷം 64 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്ന് കെട്ടിപ്പടുക്കുകയായിരുന്നു. അബ്ദുൽ ബാസിത് 31 പന്തുകളിൽ 46 റൺസ് നേടി കേരള ഇന്നിങ്സിലെ ടോപ് സ്കോററായി.ഇങ്ങനെ കേരളം നിശ്ചിത 20 ഓവറുകളിൽ 127 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ആസമിന് തുടക്കത്തിൽ ചുവടു പിഴയ്ക്കുകയുണ്ടായി. തങ്ങളുടെ മുൻനിര ബാറ്റർമാരൊക്കെയും സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ കൂടാരം കയറിയത് ആസമിനെ പിന്നിലേക്കടിച്ചു.
ഒപ്പം ജലജ് സക്സേനയും വിനോദ് കുമാറും ആദ്യ ഓവറുകളിൽ കൃത്യമായി ലൈൻ കണ്ടെത്തിയത് കേരളത്തിന് ആശ്വാസമായി. എന്നാൽ ഒരു വശത്ത് ആസാമിന്റെ നായകൻ റിയാൻ പരാഗ് ക്രീസിലുറച്ചത് കേരളത്തിന് ഭീഷണിയായി മാറി. മത്സരത്തിൽ 33 പന്തുകളിൽ 57 റൺസാണ് റിയാൻ പരഗ് നേടിയത്. ഇതോടെ മത്സരം കേരളത്തിന്റെ കയ്യിൽ നിന്നും നഷ്ടമാവുകയായിരുന്നു. രണ്ട് വിക്കറ്റുകൾക്കാണ് ആസാം മത്സരത്തിൽ വിജയം സ്വന്തമാക്കിയത്.