‘ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടത് ഒരേയൊരു മാറ്റം’ : ഇർഫാൻ പത്താൻ | SA vs IND
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ നാണംകെട്ട തോൽവിക്ക് ശേഷം നാളെ നടക്കുന്ന രണ്ടാം ടെസ്റ്റിനായി ഇന്ത്യ ഇറങ്ങും.സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്‍സിന്റെയും തോൽവിയാണു ഇന്ത്യ വഴങ്ങിയത്.രണ്ട് മത്സര പരമ്പര സമനിലയിലാക്കണമെങ്കില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും കേപ്ടൗണില്‍ വിജയം കൂടിയേ തീരു.
നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം അവരുടെ പ്ലേയിംഗ് ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.രണ്ടാം ടെസ്റ്റിൽ ആർ അശ്വിന് വിശ്രമം നൽകണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.രവീന്ദ്ര ജഡേജ കളിക്കാൻ യോഗ്യനാണെങ്കിൽ അശ്വിനെ ഒഴിവാക്കണമെന്ന് പത്താൻ പറഞ്ഞു.“രവീന്ദ്ര ജഡേജ ഫിറ്റാണെങ്കിൽ ടീമിലേക്ക് തിരിച്ചു വരണം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ച സെഞ്ചൂറിയനിലെ പിച്ചില്‍ അശ്വിൻ നന്നായി ബോൾ ചെയ്തു. പക്ഷെ, ഏഴാം നമ്പറില്‍ നിയന്ത്രണത്തോടെയുള്ള രവീന്ദ്ര ജഡേജയുടെ ബാറ്റിങ് നമ്മള് മിസ് ചെയ്തു. അതിനാല്‍ ഫിറ്റാണെങ്കില്‍ ജഡേജ പ്ലേയിങ് ഇലവനിലുണ്ടാവണം” ഇര്ഫാന് പഠാന് പറഞ്ഞു.
സെഞ്ചൂറിയനില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും കുറഞ്ഞ ഇക്കോണമിയുള്ള ബോളറായിരുന്നു അശ്വിന്. 19 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് നേടിയിരുന്നു. 2.16 ആയിരുന്നു താരത്തിന്റെ ഇക്കോണമി. അശ്വിന് പുറമെ പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെ വേണമെന്നും പത്താൻ ആവശ്യപ്പെടുന്നു.“നിങ്ങൾ ഫാസ്റ്റ് ബൗളിംഗിൽ ഒരു മാറ്റം പരിഗണിക്കുകയാണെങ്കിൽ, പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയോ അവേഷ് ഖാനെയോ കൊണ്ടുവരുന്നത് പരിഗണിക്കുക.എന്നാൽ നെറ്റ്സിൽ ബൗൾ ചെയ്യുമ്പോൾ പ്രസീദിന് ആത്മവിശ്വാസമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, രണ്ടാം ടെസ്റ്റിന് അദ്ദേഹത്തെ പിന്തുണയ്ക്കണം.” പത്താൻ പറഞ്ഞു.
Irfan Pathan suggests Ravindra Jadeja should replace R Ashwin for the second Test#INDvSA pic.twitter.com/pLU5l0CunB
— CricXtasy (@CricXtasy) January 1, 2024
ആദ്യ ടെസ്റ്റിൽ ബൗളർമാരിൽ പ്രത്യേകിച്ച് ശാർദുൽ താക്കൂറും പ്രസീദ് കൃഷ്ണയും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ ശരാശരി ബൗളിംഗിനെതിരെ ദക്ഷിണാഫ്രിക്കക്ക് 408 റൺസ് നേടാൻ സാധിക്കുകയും ചെയ്തു.