ഫിഫ്റ്റിയുമായി രോഹൻ കുന്നുമ്മൽ , മുംബൈക്കൊപ്പമെത്താൻ കേരളം പൊരുതുന്നു | രഞ്ജി ട്രോഫി | Ranji Trophy
ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ 56 റൺസിന്റെ ബലത്തിൽ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ മുംബൈയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 134/3 എന്ന നിലയിലെത്തി.മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ കേരളത്തിന് ഇനി 117 റൺസ് കൂടെ വേണം. മുംബൈ ഒന്നാം ഇന്നിംഗ്‌സിൽ 251 റൺസെടുത്തു.
ഒന്നാം വിക്കറ്റിൽ കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് 46 റൺസെടുത്തു. 21 റൺസ് നേടിയ കൃഷ്ണ പ്രസാദിനെ മോഹിത് അവസ്തി പുറത്താക്കി.വെറ്ററൻ ബാറ്റർ രോഹൻ പ്രേം തന്റെ നൂറാം ഫസ്റ്റ് ക്ലാസ് ഗെയിമിൽ ഡക്കിന് പുറത്തായി.വലംകൈയ്യൻ മീഡിയം പേസർ അവസ്തിയുടെ പന്തിൽ 37 കാരനായ ഇടങ്കയ്യൻ പുറത്തായി.മൂന്നാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്ന് നേടിയത്.
77 പന്തിൽ എട്ട് ബൗണ്ടറികളോടെ 56 റൺസ് നേടിയ കുന്നുമ്മലിനെ ശിവം ദുബൈ ക്‌ളീൻ ബൗൾഡ് ചെയ്തു. ആദ്യ സെഷൻ പിന്നിടുമ്പോൾ സച്ചിൻ ബേബി 26 റൺസുമായും സഞ്ജു സാംസൺ 19 റൺസുമായും ക്രീസിലുണ്ട്.ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് പുറത്താക്കിയിരുന്നു.നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്.
ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്.ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.