തകർത്തടിച്ച് തിലക് വർമയും നെഹാൽ വധേരയും , രാജസ്ഥാൻ റോയൽസിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യമായി മുംബൈ ഇന്ത്യൻസ് | IPL2024
രാജസ്ഥാൻ റോയൽസിന് 180 റൺസ് വിജയ ലക്ഷ്യം നൽകി മുംബൈ ഇന്ത്യൻസ്. തുടക്കത്തെ തകർച്ചക്ക് ശേഷം 65 റൺസ് നേടിയ തിലക് വർമയും 49 റൺസ് നേടിയ നെഹാൽ വധേരയും ചേർന്നാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടി. 20 റൺസ് എടുക്കുന്നതിനിടയിൽ മുംബൈക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു.തിലക് വർമ-നെഹാൽ വധേര നേടിയ 99 റൺസ് കൂട്ടുകെട്ടാണ് മുംബൈയെ മികച്ച നിലയിൽ എത്തിച്ചത്.
തകർച്ചയോടെയാണ് മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ 6 റൺസ് നേടിയ രോഹിത് ശർമയെ ട്രെന്റ് ബോൾഡ് പുറത്താക്കി.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ബോൾട്ട് മാറുകയും ചെയ്തു.ഓപ്പണിങ് ഓവറില്‍ 26 വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്.ആദ്യ ഓവറില്‍ 25 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിനെയാണ് ബോള്‍ട്ട് മറികടന്നത്. 15 വിക്കറ്റുമായി പ്രവീണ്‍ കുമാറും 13 വിക്കറ്റുമായി സന്ദീപ് ശര്‍മയും 12 വീതം വിക്കറ്റുകളുമായി ദീപക് ചാഹറും സഹീര്‍ഖാനുമാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
രണ്ടാം ഓവറിൽ ഡക്കിന് ഇഷാൻ കിഷനെയും മുംബൈക്ക് നഷ്ടമായി, സന്ദീപ് ശർമ്മക്കായിരുന്നു വിക്കറ്റ്. നാലാം ഓവറിൽ സ്കോർ 20 ൽ നിൽക്കെ 10 റൺസ് നേടിയ സൂര്യ കുമാർ യാദവിനെയും മുംബൈക്ക് നഷ്ടമായി,സന്ദീപ് ശർമ്മയുടെ പന്തിൽ പവൽ പിടിച്ചു പുറത്താക്കി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന നബിയും തിലക് വർമയും മുംബൈയെ മുന്നോട്ട് നയിച്ചു. എന്നാൽ സ്കോർ 52 ൽ നിൽക്കെ 23 റൺസ് നേടിയ നബിയെ ചാഹൽ പുറത്താക്കി.ഇതോടെ ഐപിഎല്ലിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമായി യുസ്വേന്ദ്ര ചാഹൽമാറുകയും ചെയ്തു.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ്മ-നെഹൽ വധേര സഖ്യം മുംബൈ സ്കോർ 100 കടത്തി. 15 ഓവറിൽ 4 വിക്കറ്റിന് 131 എന്ന നിലയിൽ ഇരുവരും മുംബൈയെ എത്തിച്ചു. 16 ഓവറിൽ സിക്സ് അടിച്ച് തിലക് വർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 37 പന്തിൽ നിന്നും 5 ഫോറും രണ്ട് സിക്സുമടക്കമാണ് തിലക് വർമ ഫിഫ്റ്റി പൂർത്തിയാക്കിയത്. സ്കോർ 151 ൽ നിൽക്കെ 49 റൺസ് നേടിയ വധേരയെ മുംബൈക്ക് നഷ്ടമായി.ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സന്ദീപ് ശർമ്മ പിടിച്ചു പുറത്താക്കി.
സ്കോർ 170 ൽ നിൽക്കെ 10 റൺസ് നേടിയ ക്യാപ്റ്റൻ പാണ്ട്യയെയും മുംബൈക്ക് നഷ്ടമായി.20 ഓവറിലെ ആദ്യ പന്തിൽ 65 റൺസ് നേടിയ തിലക് വർമയെ സന്ദീപ് ശർമ്മ പുറത്താക്കി. അടുത്ത പന്തിൽ ജെറാൾഡ് കോറ്റ്സിയുടെയും വിക്കറ്റ് സന്ദീപ് ശർമ്മ സ്വന്തമാക്കി. 20 ഓവറിൽ മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്.