‘ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം’ : ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും | Indian Football | World Cup 2026
ഇന്ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എഎഫ്സി ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.ജൂൺ 6 ന് കുവൈറ്റിനെതിരെ ഇന്ത്യ 0-0 ന് സമനിലയിൽ പിരിഞ്ഞിരുന്നു.ഖത്തർ നേരത്തെ തന്നെ യോഗ്യത നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.അഞ്ചിൽ നാല് മത്സരവും ഖത്തർ വിജയിച്ചപ്പോൾ ഇന്ത്യ ആകെ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാനും കുവൈറ്റും സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യക്കും സമനില മതിയാകും. കുവൈറ്റിനെതിരെ അവസാന മത്സരം കളിച്ച ഇതിഹാസ താരം സുനിൽ ഛേത്രിയില്ലാതെ ഇന്ത്യ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്ത മത്സരത്തിനുണ്ട്.ലോക റാങ്കിംഗിൽ 34-ാം സ്ഥാനത്തുള്ള ഖത്തറിനെതിരെ ഇന്ത്യ വലിയ വെല്ലുവിളി നേരിടേണ്ടി വരും.
ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലെത്തണമെങ്കിൽ, അവർക്ക് ടോപ്പ് 2-ൽ ഫിനിഷ് ചെയ്യണം. ഇന്ത്യയ്ക്ക് നിലവിൽ 5 പോയിൻ്റുണ്ട്, ഖത്തർ ഇതിനകം തന്നെ അടുത്ത റൗണ്ടിലേക്ക് അവരുടെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ഇതേ പോയിൻ്റ് ഉണ്ട്, എന്നാൽ മികച്ച ഗോൾ വ്യത്യാസം കാരണം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാല് പോയിൻ്റുമായി കുവൈറ്റ് നാലാമതാണ്.
മൂന്നു ടീമുകൾക്കും അടുത്ത റൗണ്ടിൽ എത്താൻ കഴിയും.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഖത്തറിനെ തോൽപ്പിക്കുക എന്നതാണ് പ്രധാന ദൌത്യം. ഇന്ത്യ ഖത്തർ സമനിലയിലായാൽ, അഫ്ഗാനിസ്ഥാൻ-കുവൈത്ത് മത്സരവും സമനിലയിൽ അവസാനിക്കണം.ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള മൂന്നാമത്തെ റൗണ്ടിലേക്കാണ് ഇന്ത്യ മുന്നേറാൻ ശ്രമിക്കുന്നത്. ഇതുവരെ ആ ഘട്ടത്തിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്നെ ഇന്നത്തെ മത്സരം വിജയിച്ചാൽ അത് ചരിത്രമായി മാറും.
ഇന്ത്യയും ഖത്തറും തമ്മിലുള്ള കിക്കോഫ് ഇന്ത്യൻ സമയം രാത്രി 9:15-നാണ്. ഫാൻകോഡ് ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. നിർഭാഗ്യവശാൽ, ഇന്ത്യയിലെ ഒരു ചാനലും ചൊവ്വാഴ്ച ഗെയിം സംപ്രേക്ഷണം ചെയ്യുന്നില്ല.