‘മലയാളി ടീമിൽ ഉണ്ടെങ്കിലേ ഇന്ത്യക്ക് ലോകകപ്പ് ലഭിക്കുമോ എന്ന സാഹചര്യമാണോ?’ : മറുപടിയുമായി സഞ്ജു സാംസൺ | Sanju Samson
ഐസിസി ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യ പ്രതികരണം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജോലി ചെയ്യുന്ന സിബി ഗോപാലകൃഷ്ണനുമായി ആണ് സഞ്ജു സംസാരിച്ചത്. ലോകകപ്പ് നേടിയതിന്റെ സന്തോഷം പങ്കുവെച്ച സഞ്ജു,
മലയാളികളുടെ സപ്പോർട്ടിനെക്കുറിച്ചും സംസാരിച്ചു. താൻ പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിൽ വികാരാധിതനാണ് എന്നാണ് ലോകകപ്പ് നേട്ടത്തെ കുറിച്ചുള്ള സഞ്ജുവിന്റെ ആദ്യ പ്രതികരണം ഉണ്ടായത്. മലയാളികൾ തന്നെ സ്നേഹിക്കുന്നതും അവരുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതും തനിക്ക് ദൈവം നൽകിയ അനുഗ്രഹമാണ് എന്ന് പറഞ്ഞ സഞ്ജു, ഇതൊന്നും താൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, അതിന് രസകരമായ മറുപടിയാണ് സഞ്ജു നൽകിയത്.
ഇന്ത്യയുടെ മുൻപുള്ള എല്ലാ ലോകകപ്പ് വിജയത്തിലും ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനെ അടിസ്ഥാനമാക്കി മലയാളി ഇന്ത്യൻ ടീമിൽ ഉണ്ടെങ്കിലേ ഇന്ത്യക്ക് ലോകകപ്പ് ഉള്ളൂ എന്ന സാഹചര്യമായോ എന്ന് അവതാരകൻ തമാശയായി ചോദിച്ചപ്പോൾ, “ഇനി വിശ്വസിച്ചെ പറ്റൂ, ഇപ്പോൾ അങ്ങനെ ആയിപ്പോയില്ലേ,” എന്ന് രസകരമായ രീതിയിൽ സഞ്ജു മറുപടി നൽകി.
അടുത്ത പദ്ധതികളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല എന്നും, ഇപ്പോൾ ഈ മൊമന്റ് താൻ ആഘോഷിക്കുകയാണ് എന്നും സഞ്ജു പറഞ്ഞു. അതേസമയം, ലോകകപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന സഞ്ജു, ഉടൻതന്നെ സിംബാബ്വെയിലേക്ക് തിരിക്കും. ജൂലൈ 6-ന് ആരംഭിക്കുന്ന 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് സഞ്ജു സാംസൺ.