അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ അവസാന ഹോം മത്സരത്തിൽ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. രണ്ടാം പകുതിയിൽ ഘാന ഫോർവേഡ് ക്വാമെ പെപ്ര നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

കളിയുടെ അവസാന നിമിഷം മുംബൈ ഗോളിന്റെ വക്കിൽ എത്തിയെങ്കിലും ബികാഷ് യുമന്മിന്റെ തകർപ്പൻ ഗോൾ ലൈൻ ക്ലിയറൻസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തുകയായിരുന്നു. മുംബൈയിൽ നടന്ന ഈ സീസണിലെ ആദ്യ പോരാട്ടത്തിൽ വഴങ്ങിയ തോൽവിക്ക് കൊച്ചിയിൽ കണക്ക് ചോദിക്കാനും ബ്ലാസ്റ്റേഴ്‌സിനായി. കൊച്ചിയിലെ വിജയം ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസം നൽകുന്നതാണ്. എന്നാൽ തോൽവി മുംബൈ സിറ്റിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ഇന്നത്തെ മത്സരത്തിൽ ഒരു പോയിന്റ് നേടിയിരുന്നെങ്കിലും പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കുമായിരുന്നു. നിലവിൽ 23 മത്സരത്തിൽ നിന്നും 33 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ സിറ്റി. 24 മത്സരങ്ങളിൽ നിന്നും 33 പോയിന്റുള്ള ഒഡിഷയാണ് ആറാം സ്ഥാനത്ത്. 11 തീയതി നടക്കുന്ന അവസാന മത്സരത്തിൽ മുംബൈ ബെംഗളുരുവിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഹൈദദരാബാദിനെതിരെയാണ്.

മത്സരത്തിന്റെ തുടക്കത്തിൽ മുംബൈയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.ചാങ്തേയുടെ ശ്രമം ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.13ാം മിനിറ്റിൽ വശത്ത് നിന്ന് കൊറുവിന്റെ തകർപ്പൻ ക്രോസ് ഇഷാൻ പണ്ഡിതയ്ക്ക് മികച്ച ഫിനിഷിലൂടെ പന്ത് വലയിലാക്കാനായില്ല. 17ാം മിനിറ്റിൽ ഡ്രിനിച്ച് ഹെഡ്ഡർ ഗോൾകീപ്പർ സേവ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുംബൈയുടെ പ്രതിരോധനിര താരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് പെപ്ര ഗോൾ കീപ്പറെ മറികടന്ന് ഗോൾ നേടി ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുംബൈ സമനില ഗോളിനായി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തമായി ഉറച്ചു നിന്നു.