സഞ്ജു സാംസൺ കളിക്കണം ! മൂന്നാം ഏകദിനത്തിൽ ഇന്ത്യ അതേ ലൈനപ്പ് നിലനിർത്തണമെന്ന് ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ മെൻ ഇൻ ബ്ലൂ അതേ പ്ലെയിംഗ് ഇലവനിൽ തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ഒരു മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും വിലയിരുത്താൻ കഴിയില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

സീനിയർ ബാറ്റ്‌സ്മാൻമാരായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകി രണ്ടാം ഏകദിനത്തിൽ ടീം മാനേജ്‌മെന്റ് തങ്ങളുടെ ലൈനപ്പിൽ മാറ്റങ്ങൾ വരുത്തി. രോഹിതിന്റെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്. ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണും അക്സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു.അവസാന മത്സരത്തിലും ഇന്ത്യ അതേ ബാറ്റിംഗ് നിരയിൽ ഉറച്ചുനിൽക്കണമെന്ന് ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു, സൂര്യകുമാർ യാദവ് ആറാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

2023ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുതിർന്ന ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്കും വിശ്രമം നൽകാൻ തീരുമാനിച്ചതായി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടും മെൻ ഇൻ ബ്ലൂ വെറും 181 റൺസിന് പുറത്തായി. 36.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയ ടീം ലക്ഷ്യം കണ്ടു. ആഗസ്റ്റ് 1 ചൊവ്വാഴ്ച ട്രിനിഡാഡിലാണ് അവസാന മത്സരം നടക്കുന്നത്.

5/5 - (1 vote)