വെടിക്കെട്ടിന്റെ പൂരവുമായി നിക്കോളാസ് പൂരൻ ,ആദ്യ കിരീടം സ്വന്തമാക്കി എംഐ ന്യൂ യോർക്ക്

നിക്കോളാസ് പൂരന്റെ സിക്സ് പൂരത്തിൽ മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ടീമായ എംഐ ന്യൂയോർക്ക്. ഫൈനലിൽ സിയാറ്റിൽ ഓർക്കാസ് ടീമിനെ അവിശ്വസനീയ പ്രകടനത്തിലൂടെ മുംബൈ ടീം മുട്ടുകുത്തിക്കുകയായിരുന്നു. 

നിക്കോളാസ് പൂരന്റെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ മുംബൈയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഒപ്പം എംഐ ന്യൂയോർക്കിനായി ട്രെൻഡ് ബോൾട്ടും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഫൈനലിൽ മികവ് പുലർത്തി. മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണിൽ ജേതാക്കളായി ഇതോടെ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് ടീം മാറിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ന്യൂയോർക്ക് സിയാറ്റിൽ ഓർക്കാസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ഓപ്പണർ ഡീക്കോക്ക് ഓർക്കാസിന് നൽകിയത്. മത്സരത്തിൽ 52 പന്തുകളിൽ 87 റൺസ് ഡികോക്ക് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ മറ്റു ബാറ്റർമാരൊക്കെയും മുംബൈയുടെ ബോളർമാർക്ക് മുൻപിൽ പതറുന്നതാണ് കാണാൻ സാധിച്ചത്. കൃത്യമായ സമയങ്ങളിൽ ഓർക്കാസിന്റെ വിക്കറ്റുകൾ സ്വന്തമാക്കാൻ ബോൾട്ടിനും റാഷിദ് ഖാനും സാധിച്ചു. അങ്ങനെ ഓർക്കാസിന്റെ ഇന്നിംഗ്സ് 183 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂയോർക്ക് ടീമിന് തുടക്കത്തിൽ തന്നെ ഓപ്പണർ സ്റ്റീവൻ ടൈലറുടെ(0) വിക്കറ്റ് നഷ്ടമായി. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ നായകൻ പൂരൻ തന്റെ സർവ്വശക്തിയുമെടുത്ത് അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഓർക്കാസ് ടീമിലെ ഒരു ബോളർക്ക് പോലും പൂരനെ പിടിച്ചുനിർത്താൻ സാധിച്ചില്ല. 40 പന്തുകളിൽ നിന്നായിരുന്നു പൂരൻ തന്റെ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയത്. അതിനുശേഷം തന്റെ സംഹാരം തുടരാൻ നിക്കോളാസ് പൂരന് സാധിച്ചു. മത്സരത്തിൽ 55 പന്തുകൾ നേരിട്ട പൂരൻ 137 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 13 കൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 249 സ്ട്രൈക്ക് റേറ്റിലാണ് പൂരൻ സംഹാരമാടിയത്.

ഇതോടെ മത്സരത്തിൽ മുംബൈ ന്യൂയോർക്ക് ടീം 7 വിക്കറ്റുകൾക്ക് വിജയം കാണുകയായിരുന്നു. 24 പന്തുകൾ ശേഷിക്കവെയാണ് മുംബൈ ന്യൂയോർക്കിന്റെ ഈ തകർപ്പൻ വിജയം. ടൂർണമെന്റിന്റെ ആദ്യപകുതിയിൽ വളരെ ശരാശരിയായ പ്രകടനം മാത്രമാണ് മുംബൈ ന്യൂയോർക്ക് ടീം കാഴ്ചവച്ചിരുന്നത്. എന്നാൽ ടൂർണമെന്റ് അവസാനഭാഗത്ത് എത്തിയപ്പോൾ ശക്തരായ സൂപ്പർ കിങ്സിനെയടക്കം പരാജയപ്പെടുത്താൻ ടീമിന് സാധിച്ചു. എന്തായാലും മുംബൈ ഇന്ത്യൻസ് ഉയർത്തിക്കൊണ്ടുവന്ന ലെഗസി കാത്തുസൂക്ഷിക്കാൻ ആദ്യ സീസണിൽ ന്യൂയോർക്ക് ടീമിനും സാധിച്ചിട്ടുണ്ട്.

3/5 - (2 votes)