‘അൺ സ്റ്റോപ്പബിൾ ലൂണ’ : പച്ചപുൽ മൈതാനത്ത് മായാജാലം തീർക്കുന്ന മജീഷ്യൻ അഡ്രിയാൻ ലൂണ |Adrian Luna |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്ക് എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു.ലോകോത്തര നിലവാരമുള്ള ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ നേടിയത്.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് വലിയ തിരിച്ചു വരവാണ് നടത്തിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവ് മത്സരത്തിൽ നിർണായകമായി മാറി.രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണ ഷോയാണ് കൊച്ചിയിൽ കാണാൻ സാധിച്ചത്.ക്യാപ്റ്റൻ ലൂണയുടെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡിഷ ബോക്സ് ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു.

ആക്രമണത്തിന് മൂർച്ചകൂട്ടാനായി പരിശീലനായ ഇവാൻ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റാകോസിനെ കളത്തിലിറക്കി.66-ാം മിനിറ്റിൽ ഇടതുവിങ്ങിൽ ലൂണയെ ഫൗൾ ചെയ്‌തതിന് ഒരു ഫ്രീകിക്ക് കിട്ടി. പെട്ടെന്ന് തന്നെ ഫ്രീകിക്ക് എടുത്ത ലൂണ ഡെയ്‌സുകെക്ക് കൈമാറുകയും , ജാപ്പനീസ് വിങ്ങറുടെ മനോഹരമായ പാസിൽ നിന്നും സ്‌ട്രൈക്കർ ഡിമി മികച്ചൊരു ഫസ്റ്റ് ടച് ഫിനിഷിംഗിലൂടെ ഒഡിഷ വല കുലുക്കി. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ കരുത്തരായ മാറി. ലൂണ മൈതാനത്തിന്റെ എല്ലായിടത്തും ഉണ്ടായിരുന്നു ,റൈറ്റ് വിങ്, ലെഫ്റ്റ് വിങ്, , സെൻട്രൽ മിഡ്ഫീൽഡിൽ, മുന്നേറ്റത്തിൽ … എല്ലായിടത്തും ലൂണ നിറഞ്ഞു കളിച്ചു, കളിക്കളത്തിൽ ഒന്നിൽ കൂടുതൽ ലൂണയുണ്ടോ എന്ന സംശയം ആരാധരിൽ ഉണ്ടാവുകയും ചെയ്തു.

പിച്ചിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരൻ മാത്രമല്ല കഠിനാധ്വാനിയായ കളിക്കാരനായിരുന്നു ഉറുഗ്വേൻ പ്ലെ മേക്കർ.84-ാം മിനിറ്റിൽ ലൂണയുടെ അധ്വാനത്തിന് ഫലമുണ്ടായി .മുഹമ്മദ് ഐമെൻ കൊടുത്ത ലോങ്ങ് ബോൾ മികച്ച രീതിയിൽ കൈക്കലാക്കിയ ലൂണ സ്ഥാനം തെറ്റിക്കുന്ന ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ തലക്ക് മുകളിലൂടെ വലയിലെത്തിച്ചു. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിന്റെ മൂന്നു പോയിന്റുകൾ ഉറപ്പിച്ച ഗോളായിരുന്നു അത്.ഈ സീസണിൽ ലൂണ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

ബോക്‌സിനുള്ളിൽ സർഗ്ഗാത്മകതയോടെയും കൃത്യതയോടെയും കേരളത്തിന്റെ ആക്രമണ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ അഡ്രിയാൻ ലൂണ മത്സരത്തിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.തന്റെ മുഖ്യ പരിശീലകന്റെ അഭാവത്തിലും വ്യക്തമായ തന്ത്രപരമായ പദ്ധതിയിലും പ്രതികാര-മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരെ വിജയിച്ചതും ജംഷഡ്പൂരിനെതിരായ വിജയത്തിൽ ഏക ഗോളും നേടിയതും ഇതേ ലൂണയായിരുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-1ന് സമനിലയിൽ തളച്ചപ്പോൾ അസിസ്റ്റ് കൊടുത്തതും ലൂണയായിരുന്നു. ഇന്നലെ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററായ ബർത്തലോമിയോ ഒഗ്ബെചെ 15 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ ലൂണക്ക് സാധിച്ചു.

1/5 - (1 vote)