അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം, അർദ്ധ സെഞ്ചുറിയുമായി ഗുല്‍ബാദിന്‍ നയ്ബ് | India vs Afghanistan

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ അഫ്ഗാനിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 14 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസിനെയും 8 റൺസ് നേടിയ ഇബ്രാഹിം സദ്രാനേയും അഫ്ഗാന് നഷ്ടമായി.57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ രണ്ടാം അർധസെഞ്ചുറിയാണിത്.നജിബുള്ള സദ്രാര്‍ 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരിം ജനത്തും മുജീബുര്‍ റഹ്‌മാനുമാണ് അഫ്ഗാന്‍ സ്‌കോര്‍ 172-ല്‍ എത്തിച്ചത്. കരിം 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. ഒമ്പത് പന്തുകള്‍ നേരിട്ട മുജീബ് 21 റണ്‍സ് നേടി.

ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.നാല് ഓവറിൽ 17 റൺസാണ് അക്സർ വഴങ്ങിയത്.അക്സർ ടി20 ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ചു. ഫോർമാറ്റിൽ 2500ലധികം റൺസും ഈ ഇടംകൈയ്യൻ സ്പിന്നർ നേടിയിട്ടുണ്ട്.രവീന്ദ്ര ജഡേജയാണ് ഫോർമാറ്റിൽ 200 വിക്കറ്റുകളും 2,000 റൺസും നേടിയ ഒരേയൊരു ഇന്ത്യൻ ഓൾറൗണ്ടർ.

ഇന്നത്തെ മത്സരത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 150 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ കളിക്കാരനായി.മറ്റൊരു കളിക്കാരനും 140 മത്സരങ്ങളിൽ പോലും കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.134 മത്സരങ്ങൾ കളിച്ച അയർലണ്ടിന്റെ പോൾ സ്റ്റിർലിംഗ് രണ്ടാം സ്ഥാനത്താണ്.ഇന്ത്യക്കാരിൽ, രോഹിതിന്റെ സഹതാരം വിരാട് കോഹ്‌ലിയാണ് 100-ലധികം ടി20 മത്സരങ്ങൾ കളിച്ച മറ്റൊരു താരം.

Rate this post