‘മുഹമ്മദ് സിറാജിന് പുതിയ പങ്കാളി?’ : റാഞ്ചി ടെസ്റ്റിൽ കളിക്കുക മുകേഷ് കുമാറല്ല, അരങ്ങേറ്റത്തിനൊരുങ്ങി ആകാശ് ദീപ് | IND vs ENG

ബംഗാൾ ഫാസ്റ്റ് ബൗളർ ആകാശ് ദീപ് വെള്ളിയാഴ്ച റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റാഞ്ചി ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ ചൊവ്വാഴ്ച അറിയിച്ചു.

പകരമായി രഞ്ജി ട്രോഫിയിൽ മിന്നുന്ന പ്രകടനം നടത്തിയ മുകേഷ് കുമാർ ടീമിലേക്ക് തിരിച്ചു വരികയും ചെയ്തു. എന്നാൽ നാലാം ടെസ്റ്റിൽ രഞ്ജി ട്രോഫിയിൽ മുകേഷിൻ്റെ സഹതാരമായ ആകാശ് ദീപ് ആയിരിക്കും ആദ്യ ഇലവനിൽ ഇടം പിടിക്കുക.അഹമ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപ് സമീപകാലത്ത് ശ്രദ്ധേയ പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു.ബംഗാളിനൊപ്പം ആഭ്യന്തര സർക്യൂട്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 23.58 ശരാശരിയിൽ 104 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച റാഞ്ചിയിൽ ആരംഭിക്കുന്ന നാലാം മത്സരത്തിൽ നിന്ന് സീനിയർ ബാറ്റർ കെഎൽ രാഹുൽ പുറത്തായപ്പോൾ ബുംറയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി.ജോലിഭാരം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ബുംറക്ക് വിശ്രമം അനുവദിച്ചത്.മൂന്ന് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളോടെ ടെസ്റ്റ് പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം ഒറ്റയ്ക്ക് ഇന്ത്യയെ വിജയത്തിലെത്തിചിരുന്നു.വലത് ക്വാഡ്രൈസെപ്‌സിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാഹുലിന് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് നഷ്ടമായിരുന്നു.ആകാശ് ദീപ് കളിച്ചാല്‍ ഈ പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സര്‍ഫറാസ് ഖാന്‍, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു.

നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, മുകേഷ് കുമാര്‍.

Rate this post