ഡൽഹി ക്യാപിറ്റൽസിന് വിജയം നേടിക്കൊടുത്ത ട്രിസ്റ്റൻ സ്റ്റബ്‌സിൻ്റെ അത്ഭുതകരമായ സേവ് | IPL2024

ക്രിക്കറ്റിൽ ബാറ്റർമാരുടെയും ബൗളർമാരുടെയും പ്രകടനം മാത്രമല്ല ഒരു മത്സരത്തിൻ്റെ ഫലം നിർണ്ണയിക്കുന്നത്. കളിയുടെ ഫലത്തെ സ്വാധീനിക്കുന്നതിൽ ഫീൽഡർമാർക്കും നിർണായക പങ്കുണ്ട്.ഒരു ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡിംഗിൻ്റെ സ്വാധീനം കുറച്ചുകാണാൻ കഴിയില്ല. നന്നായി എടുത്ത ക്യാച്ച്, വിക്കറ്റിലേക്ക് കൃത്യമായ ത്രോ, അല്ലെങ്കിൽ അതിവേഗ റണ്ണൗട്ട് എന്നിവ കളിയെ ഫീൽഡിംഗ് ടീമിന് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായകപങ്കു വഹിക്കുന്നുണ്ട്.

ഐപിഎൽ 2024 ൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിൻ്റെ ആവേശകരമായ നാല് റൺസ് വിജയം മത്സരത്തിൻ്റെ അവസാന ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സിൻ്റെ അതിശയകരമായ ഫീൽഡിംഗ് ശ്രമത്തിൻ്റെ പിൻബലത്തിലാണ്.സ്‌റ്റബ്‌സിൻ്റെ അക്രോബാറ്റിക് ഫീൽഡിങ് സിക്സ് ആവുമെന്നുറപ്പുള്ള പന്ത് ഒരു സിംഗിൾ ആക്കി മാറ്റി.ആത്യന്തികമായി മത്സരത്തിൻ്റെ ഫലത്തിലെ നിർണായക നിമിഷമായി അത് മാറുകയും ചെയ്തു. മത്സരത്തിന്റെ 19-ാം ഓവറിലായിരുന്നു സ്റ്റബ്‌സിന്‍റെ ഈ രക്ഷപ്പെടുത്തല്‍.ഡെൽഹി ബൗളർ റാസിഖ് സലാമിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്താനായിരുന്നു സ്ട്രൈക്കിങ് എൻഡില്‍ ഉണ്ടായിരുന്ന റാഷിദ് ഖാന്‍റെ ശ്രമം.

റാഷിദിന്‍റെ ബാറ്റില്‍ നിന്നും ലോങ് ഓണിലേക്ക് പറന്ന പന്ത് സിക്‌സറാകുമെന്നായിരുന്നു ഏവരും കരുതിയത്.എന്നാല്‍, ബൗണ്ടറി ലൈനില്‍ നിന്നും ചാടി ഉയര്‍ന്ന സ്റ്റബ്‌സ് പന്ത് പിടിച്ച് ഗ്രൗണ്ടിനുള്ളിലേക്കിടുകയായിരുന്നു. തന്‍റെ ഷോട്ട് സിക്‌സറാകും എന്ന് പ്രതീക്ഷിച്ച റാഷിദ് ഖാന് ഒരു റണ്‍സ് മാത്രമാണ് പിന്നീട് ആ പന്തില്‍ നേടിയെടുക്കാൻ സാധിച്ചത്. ഡല്‍ഹിയുടെ ജയത്തില്‍ ഏറെ നിര്‍ണായകമാകുന്നതായിരുന്നു സ്റ്റൂബ്‌സിന്‍റെ ഈ രക്ഷപ്പെടുത്തല്‍. തേർഡ് അമ്പയർ റീപ്ലേകൾ അവലോകനം ചെയ്യുകയും സ്റ്റബ്‌സിൻ്റെ വലതു കാൽ ബൗണ്ടറി റോപിൽ തട്ടിയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്‌റ്റൻ റിഷഭ് പന്തിന്‍റെയും (43 പന്തില്‍ 88*) ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്‍റെയും (43 പന്തില്‍ 66) അര്‍ധ സെഞ്ച്വറികള്‍ ആയിരുന്നു ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.225 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ഓവറിൽ തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി.

മികച്ച ഫോമിലുള്ള സായ് സുദർശനും ദക്ഷിണാഫ്രിക്കൻ ബിഗ്-ഹിറ്റർ ഡേവിഡ് മിലറും ഉജ്ജ്വല വ്യക്തിഗത അർധസെഞ്ചുറികളുമായി ഗുജറാത്തിന്റെ പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. ഡേവിഡ് മില്ലറുടെ 23 പന്തിൽ 55 റൺസും റാഷിദ് ഖാൻ 11 പന്തിൽ പുറത്താകാതെ 21 റൺസും നേടി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. വിജയത്തോടെ ഡൽഹി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി, ഒമ്പത് മത്സരങ്ങളിൽ ഡൽഹിയുടെ നാലാം ജയം കൂടിയായിരുന്നു ഇത്.

Rate this post