‘ഇൻസ്റ്റാഗ്രാമിലെ ലൈക്കുകള്‍ക്കല്ല ക്രിക്കറ്റിലെ കഴിവുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്’ : ടി 20 ലോകകപ്പ് ടീമിൽ നിന്നും റിങ്കു സിംഗിനെ ഒഴിവാക്കിയതിനെതീരെ അമ്പാട്ടി റായിഡു | Rinku Singh

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് ശേഷവും ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ടീമിൽനിന്ന് തഴഞ്ഞവരെ സംബന്ധിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടാത്ത പ്രമുഖരിൽ ഒരാളാണ് റിങ്കു സിംഗ്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന റിങ്കു സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും റിസർവ് നിരയിൽ ആണ് താരത്തെ ഉൾപ്പെടുത്തിയത്.

ഇപ്പോൾ ഇക്കാര്യത്തിൽ പരോക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. റിങ്കു 15 ടി20കൾ കളിച്ചിട്ടുണ്ട്, 176.24 സ്ട്രൈക്ക് റേറ്റിലും 89.0 ശരാശരിയിലും 356 റൺസ് നേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ഉള്ള ആളുകളെ അല്ല ടീമിലേക്ക് എടുക്കേണ്ടത് എന്നും, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ടീം സെലക്ഷൻ എന്നും അമ്പാട്ടി റായിഡു തന്റെ സോഷ്യൽ മീഡിയ ഹാൻഡിലെലൂടെ പ്രതികരിച്ചു.

“റിങ്കു സിങ്ങിൻ്റെ ഒഴിവാക്കൽ, ക്രിക്കറ്റ് ബോധത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമായി സൂചിപ്പിക്കുന്നു… ഈ തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ കഴിഞ്ഞ 2 വർഷമായി ഒരു ടി20 മത്സരത്തിൽ 16-ഉം 17-ഉം ഓവറിൽ ഉയർന്ന സ്‌ട്രൈക്ക് റേറ്റിൽ നന്നായി കളിക്കുകയും വിജയിക്കുകയും ചെയ്യുന്നു. രവീന്ദ്ര ജഡേജയെ കൂടാതെയുള്ള ഒരു ഗെയിമർ…അവൻ ഒരു വലിയ മിസ് ആണ്… ക്വാണ്ടിറ്റിക്ക് മുമ്പ് ഗുണനിലവാരം വരണം, ഏറ്റവും പ്രധാനമായി ക്രിക്കറ്റ് കഴിവ് ഇൻസ്റ്റാഗ്രാമിൽ ലൈക്ക് ലഭിക്കുന്നതിനും മുകളിലാവണം,” അമ്പാട്ടി റായിഡു ഒരു എക്സ് പോസ്റ്റിൽ കുറിച്ചു.

റായിഡുവിന്റെ അഭിപ്രായത്തിൽ കഴമ്പ് ഉണ്ടെങ്കിലും, ടീമിന്റെ ഘടന നോക്കി സെലക്ടർമാർ സ്ക്വാഡ് നിശ്ചയിച്ചപ്പോൾ, അതിൽ റിങ്കുവിന് ഒരു സ്ഥാനം കണ്ടെത്തുക എന്നത് പ്രയാസകരമാണ് എന്നത് യാഥാർഥ്യമാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ റിങ്കുവിനെ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയത്. ചെന്നൈ താരം ശിവം ദുബെയും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഫിനിഷര്‍മാരായി ടീമിലെത്തിയപ്പോള്‍ റിങ്കുവിന് അവസരം നഷ്ടമാകുകയായിരുന്നു.

Rate this post