ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്കും ബ്രസീലിനും തോൽവി | Brazil | Argentina

ദക്ഷിണമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് തോൽവി. ഇക്വഡോർ അർജന്റീനയെ സ്വന്തം നാട്ടിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. വിജയത്തോടെ ഇക്വഡോർ ദക്ഷിണമേരിക്കൻ ലോകകപ്പ് യോഗ്യത ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.നിലവിലെ ലോക ചാമ്പ്യന്മാരായ അര്ജന്റീനക്കെതിരെ മിന്നുന്ന പ്രകടനമാണ് ഇക്വഡോർ നടത്തിയത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒന്നിലധികം തവണ എമിലിയാനോ മാർട്ടിനെസിനെ അവർ പരീക്ഷിച്ചു. മത്സരത്തിന്റെ 31 ആം മിനുട്ടിൽ വലൻസിയയെ വീഴ്ത്തിയതിന് നിക്കോളാസ് ഒട്ടമെൻഡിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും അര്ജന്റീന പത്തു പേരായി ചുരുങ്ങുകയും ചെയ്തു.

വേൾഡ് കപ്പ് ക്വാളിഫയിങ്ങിൽ ഇതുവരെ 11 ക്ലീൻ ഷീറ്റുകൾ നിലനിർത്തിയ അർജന്റീന അത് നിലനിർത്തുമെന്ന് തോന്നി പക്ഷേ നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ ഒരു ഫൗൾ ക്യാപ്റ്റൻ വലൻസിയയ്ക്ക് ഗോളാക്കി മാറ്റാനുള്ള അവസരം നൽകി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വലൻസിയ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഇക്വഡോർ മുന്നിലെത്തി.രണ്ടാം മത്സരം പുനരാരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ, മോയിസെസ് കൈസെഡോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതോടെ ഇക്വഡോർ പത്തു പേരായി ചുരുങ്ങി. പകരക്കാരനായി ഇറങ്ങിയ ജിയോവാനി ലോ സെൽസോ സ്കോറിനോട് അടുത്തു, പക്ഷേ വില്ലിയൻ പാച്ചോയുടെ നിർണായകമായ ഒരു ബ്ലോക്ക് അദ്ദേഹത്തെ തടഞ്ഞു.കെവിൻ റോഡ്രിഗസ് ഇക്വഡോറിന്റെ ലീഡ് ഇരട്ടിയാക്കേണ്ടതായിരുന്നു, പക്ഷേ വീണ്ടും, മാർട്ടിനെസ് മറ്റൊരു സ്മാർട്ട് സ്റ്റോപ്പ് നടത്തി.

മത്സരത്തിൽ 58 ശതമാനം പൊസെഷനുമായി കളിച്ച അർജന്റീനക്ക് പക്ഷെ ഒരു ഷോട്ട് പോലും ടാർഗറ്റിന് നേരെ കളിക്കാൻ സാധിച്ചില്ല. ഇക്വഡോറാകട്ടെ നാല് ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തേക്ക് കളിച്ചു.മത്സരം തോറ്റെങ്കിലും കോൺമെബോൾ യോഗ്യതാ റൗണ്ട് പട്ടികയിൽ അർജന്റീന ഇപ്പോഴും ഒന്നാം സ്ഥാനം നേടി. ഇക്വഡോർ ഇപ്പോൾ സ്വന്തം നാട്ടിൽ കളിച്ച 15 ഫിഫ ലോകകപ്പ് യോഗ്യതാ (WCQ) മത്സരങ്ങളിൽ (W9, D6) തോൽവിയറിയാതെ മുന്നേറുകയാണ്.

ബ്രസീലിനെതിരെ ഒരു ഗോളിന്റെ ഞെട്ടിക്കുന്ന വിജയവുമായി ബൊളീവിയ. വിജയത്തിന് ശേഷം ബൊളീവിയ ഇന്റർ-കോൺഫെഡറേഷൻ പ്ലേ-ഓഫിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്തിൽ ബോക്സിൽ ബ്രൂണോ ഗുയിമറേസ് റോബർട്ടോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതായി വിധിച്ചതിനെത്തുടർന്ന് ആതിഥേയർക്ക് പെനാൽറ്റി ലഭിച്ചു. മിഗ്വെലിറ്റോ തന്റെ ടീമിനെ ലീഡിലേക്കും വിജയത്തിലേക്കും നയിച്ചു.2009ന് ശേഷം ആദ്യമായാണ് ബൊളീവിയൻ ടീം ബ്രസീലിനെ തോൽപ്പിക്കുന്നത്.