2023 ഏഷ്യാ കപ്പ് ഫൈനൽ കളിക്കാൻ അശ്വിനെ വിളിച്ചിരുന്നു , വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്|Ravichandran Ashwin 

ഏകദേശം 20 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് രവിചന്ദ്രൻ അശ്വിൻ തിരിച്ചെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ അശ്വിനെ ഉൾപ്പെടുത്തിയതോടെയാണ് ഈ തിരിച്ചുവരവ് സാധ്യമായത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാനും അശ്വിന് സാധിച്ചിരുന്നു.

അശ്വിന്റെ തിരിച്ചുവരവിനെ പല മുൻ താരങ്ങളും വ്യത്യസ്തമായ രീതിയിലാണ് നോക്കി കണ്ടത്. എന്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പിന് തൊട്ടുമുൻപ് അശ്വിന് ഇത്തരമൊരു അവസരം കൊടുത്തത് എന്ന് പല മുൻ താരങ്ങളും ചോദിക്കുകയുണ്ടായി. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്.2023 ഏഷ്യാകപ്പിൽ തന്നെ അശ്വിനെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റ് താല്പര്യ കാട്ടിയിരുന്നു എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. അക്ഷർ പട്ടേലിന് പരിക്കുപറ്റിയ സാഹചര്യത്തിൽ ഫൈനലിലേക്ക് ഇന്ത്യ അശ്വിനെ ക്ഷണിച്ചിരുന്നുവെന്നും അശ്വിൻ ഈ ക്ഷണം നിരസിക്കുകയാണ് ചെയ്തത് എന്നും കാർത്തിക് പറയുന്നു.

“ഏഷ്യാകപ്പ് ഫൈനൽ സമയത്ത് അശ്വിനെ ഇന്ത്യ ടീമിലേക്ക് ക്ഷണിച്ചിരുന്നു. അവർ പരസ്പരം സംസാരിക്കുകയും, എന്നാൽ അശ്വിൻ മത്സരത്തിന് റെഡിയല്ല എന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ തനിക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അശ്വിൻ അറിയിക്കുകയായിരുന്നു. ഈ സമയത്താണ് വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് ക്ഷണിച്ചത്. ആ സമയത്ത് സുന്ദർ ചെന്നൈയിൽ ലോക്കൽ ടൂർണമെന്റുകൾ കളിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ദേശീയ ക്രിക്കറ്റ് അക്കാദമിയിലും സുന്ദർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു മത്സരത്തിനായി സുന്ദറിനെ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചത്.”- കാർത്തിക് പറഞ്ഞു.

“ശേഷം അശ്വിൻ കുറച്ച് ലോക്കൽ ക്ലബ്ബ് മത്സരങ്ങൾ കളിക്കുകയുണ്ടായി. അതിനുശേഷമാണ് അശ്വിനെ ഇന്ത്യ ടീമിലേക്ക് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. അതായിരുന്നു മുഴുവൻ സംഭാഷണങ്ങളിലും പ്രതിഫലിക്കുന്നത്. ഏഷ്യാകപ്പ് ഫൈനലിന്റെ സാഹചര്യത്തിൽ തന്നെ ഇന്ത്യയുടെ ആദ്യ ഓപ്ഷൻ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. അന്ന് വാഷിംഗ്ടൺ സുന്ദറിനെ ടീമിലേക്ക് തിരഞ്ഞെടുത്തത് ചെറിയ രീതിയിലെങ്കിലും സംശയമുണ്ടാക്കിയിരുന്നു. പക്ഷേ അശ്വിനായിരുന്നു ഇന്ത്യയുടെ ആദ്യ ചോയ്സ്.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.