ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർത്ത് ബാബർ അസം

2023-ൽ ലാഹോറിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 ഏകദിന റൺസ് പൂർത്തിയാക്കിയ പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു.

തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ കളിച്ച് വളർന്ന ഗദ്ദാഫി സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 193 റൺസ് ചെസ് ചെയ്യുന്നതിനിടയിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് ബാബർ തകർത്തത്.കോഹ്‌ലി തന്റെ 36-ാം ഇന്നിംഗ്‌സിൽ നാഴികക്കല്ലിലെത്തിയപ്പോൾ ബാബർ 31 ആം ഇന്നിങ്സിൽ ഈ നേട്ടം കൈവരിച്ചു.47 ഇന്നിംഗ്‌സുകളിൽ നിന്ന് 2000 ഏകദിന റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് പട്ടികയിൽ മൂന്നാമതാണ്.

മത്സരത്തിൽ 22 പന്തിൽ 17 റൺസ് മാത്രമാണ് പാക് ക്യാപ്റ്റന് നേടാൻ സാധിച്ചത്.2015 മെയ് 31 ന് സിംബാബ്‌വെയ്‌ക്കെതിരെ ഇതേ വേദിയിൽ പാക്കിസ്ഥാനുവേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച ബാബർ 106 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 19 സെഞ്ചുറികൾ നേടിയിട്ടുണ്ട്. മെൻ ഇൻ ഗ്രീനിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ കളിക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. മുൻ ഓപ്പണർ സയീദ് അൻവർ സ്ഥാപിച്ച 20 ഏകദിന സെഞ്ചുറികളുടെ എക്കാലത്തെയും പാകിസ്ഥാൻ റെക്കോഡിനൊപ്പമെത്താൻ വലംകൈയ്യൻ ബാറ്ററിന് ഒരു സെഞ്ച്വറി ആവശ്യമാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 38.4 ഓവറിൽ 193 റൺസിന് പുറത്താക്കി പാകിസ്ഥാൻ ബൗളർമാർ മറ്റൊരു മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ ഷാക്കിബ് (57 പന്തിൽ 53), മുൻ ക്യാപ്റ്റൻ മുഷ്ഫിഖുർ റഹിം (87 പന്തിൽ 64) എന്നിവരാണ് ബംഗ്ലാദേശിനായി മികച്ച പ്രകടനം പുറത്തെടുത്തത്.റൗഫ് (6 ഓവറിൽ 4/19) നസീമും (5.4 ഓവറിൽ 3/34) പാകിസ്താനായി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഇമാം ഉൽ ഹഖ് 78 ഉം റിസ്വാൻ 63 ഉം റണ്സെടുത്തു.മൂന്നു വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്‌ഷ്യം മറികടന്നു.