ഗോളടിച്ചു കൂട്ടി ബാഴ്സലോണ കുതിക്കുന്നു : തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തുടങ്ങി : മിന്നുന്ന ജയവുമായി പിഎസ്ജി : ഗോൾകീപ്പറുടെ ഗോളിൽ സമനില പിടിച്ച് ലാസിയോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. പുതിയ സൈനിംഗ് ജോവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റോയൽ ആന്റ്‌വെർപിനെ തകർത്തു.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഗവി എന്നിവരും ബാഴ്സക്കായി സ്കോർ ഷീറ്റിൽ ഇടം നേടി. ലാസ്റ്റ് മിനുട്ട് സൈനിങ്ങായ ഫെലിക്‌സ് 11-ാം മിനിറ്റിൽ ബാഴ്‌സയെ മുന്നിലെത്തിച്ചു.

19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്സയുടെ ലീഡുയർത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം യൂറോപ്യൻ മത്സരത്തിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായി പോളണ്ട് സ്‌ട്രൈക്കർ മാറി.22 ആം മിനുട്ടിൽ ഡിഫൻഡർ ജെല്ലെ ബറ്റെയ്‌ലെയുടെ സെൽഫ് ഗോളിൽ സ്കോർ 3 -0 ആയി. 54 ആം മിനുട്ടിൽ ഗവി സ്കോർ 4 -0 ആക്കി ഉയർത്തി 66 ആം മിനുട്ടിൽ ഫെലിക്‌സ് ഒരു ഹെഡറിലൂടെ അഞ്ചാം ഗോൾ നേടി.

നിലവിലെ ചാമ്പ്യന്മാരയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന് തകർപ്പൻ വിജയത്തോടെ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്.ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഗ്രൂപ്പ് ജി ഓപ്പണറിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 3-1 പരാജയപ്പെടുത്തി. അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോൾ മികവിലാണ് എത്തിഹാദിൽ സിറ്റി വിജയം നേടിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് സിറ്റി മൂന്നു ഗോൾ നേടി വിജയം നേടിയത്.ചാമ്പ്യൻസ് ലീഗ് ഹോം ഗെയിമുകളിൽ 26 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് സിറ്റി കളി തുടങ്ങിയത്.45-ാം മിനിറ്റിൽ ബുക്കാരി ബെൽഗ്രേഡിനെ മുന്നിലെത്തിച്ചു. എന്നാൽ 47-ാം മിനിറ്റിൽ അൽവാരസ് സിറ്റിക്ക് സമനില നേടികൊടുത്തു. 50 ആം മിനുട്ടിൽ അൽവാരസ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. 70 ആം മിനുട്ടിൽ റോഡ്രി സിറ്റിയുടെ സ്കോർ 3 -1 ആക്കി ഉയർത്തി.

ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 2-0 ത്തിന്റെ ഹോം ജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌ന് മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. കൈലിയൻ എംബാപ്പെ,അച്രഫ് ഹക്കിമി എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം.രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എംബാപ്പെ സ്‌കോറിങ്ങിനു തുടക്കമിട്ടു.ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി മാറ്റി പിഎസ്ജിക്ക് അർഹമായ ലീഡ് നൽകുകയും തന്റെ അവസാന ഒമ്പത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ 11-ാം ഗോൾ നേടുകയും ചെയ്തു.58 ആം മിനുട്ടിൽ അക്രഫ് ഹക്കിമി ഒരു മികച്ച ഗോളിലൂടെ സ്‌കോറിങ്ങ് ഇരട്ടിയാക്കി.ഈ സീസണിൽ ലീഗ് 1 ചാമ്പ്യൻമാരുടെ ആറ് മത്സര ഗെയിമുകളിലെ മൂന്നാമത്തെ വിജയം മാത്രമായിരുന്നു ഇത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾകീപ്പർ ഇവാൻ പ്രൊവെഡൽ നേടിയ ഗോളിൽ സമനില നേടി ലാസിയ.ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ ആണ് നേടിയത്.സ്റ്റോപ്പേജ് ടൈമിന്റെ അഞ്ചാം മിനുട്ടിൽ ആൽബെർട്ടോ നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് ഗോൾകീപ്പർ ഇവാൻ പ്രൊവെഡൽ ലാസിയോക്ക് ഒരു പോയിന്റ് നേടിക്കൊടുത്തു.13 വർഷം മുമ്പ് നൈജീരിയയുടെ വിൻസെന്റ് എനിയാമ ഹാപോയൽ ടെൽ അവീവിനുവേണ്ടി ഈ നേട്ടം കൈവരിച്ചതിന് ശേഷം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറായി പ്രൊവെഡൽ.മിഡ്ഫീൽഡർ പാബ്ലോ ബാരിയോസ് 29-ാം മിനിറ്റിൽ അത്‌ലറ്റിക്കോക്ക് ലീഡ് നൽകിയിരുന്നു.

Rate this post