‘സീസണിന് മുമ്പ് ഞങ്ങൾ ഫെഡറേഷനുമായി സംസാരിച്ചിരുന്നു….. , ഞങ്ങൾ അങ്ങനെ ചെയ്താൽ ഗോൾ നിഷേധിക്കാൻ നിൽക്കരുത് ‘ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

ഐഎസ്എല്ലിൽ കൊച്ചിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.15-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഡീ​ഗോ മൗറീഷ്യോ നേടിയ ഗോളിൽ ഒഡിഷ ലീഡ് നേടി.

എന്നാൽ അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരുടെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചടക്കുകയായിരുന്നു, ആദ്യ പകുതിയിൽ മൗറീഷ്യോ യുടെ പെനാൽറ്റി തടഞ്ഞ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി മാറി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത ക്വിക്ക് ഫ്രീകിക്കിൽ നിന്നുമാണ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തിയത്. മത്സര ശേഷം കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്സിനെതിരെ ക്വിക്ക് ഫ്രീകിക്കിൽ നേടിയ ഗോളിനെ താരതമ്യപ്പെടുത്തി ഇവാൻ വുകോമാനോവിച്ച് സംസാരിക്കുകായും ചെയ്തു.

“ആദ്യ 2-3 സെക്കൻഡിൽ ഒരു ഫ്രീ കിക്ക് എടുക്കാൻ തീരുമാനിക്കുമ്പോൾ, അത് പെട്ടെന്നുള്ള ഫ്രീ കിക്ക് ആണ്. ബെംഗളൂരുവിൽ സംഭവിച്ചത് 29 സെക്കൻഡിന് ശേഷംആയിരുന്നു .റഫറി പൊസിഷൻ സ്പ്രേ ചെയ്യുമ്പോൾ സിഗ്നലിനായി കാത്തിരിക്കണമെന്ന് ഒരു നിയമമുണ്ട്” ഇവാൻ പറഞ്ഞു.“ഞങ്ങൾ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഫെഡറേഷൻ അധികൃതരുമായി സംസാരിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞ കാര്യം ഞങ്ങൾക്ക് ഫ്രീകിക്ക് കിട്ടിയാൽ ഞങ്ങൾ അതിവേഗത്തിൽ എടുക്കും എന്നുള്ളതായിരുന്നു.അങ്ങനെ ഞങ്ങൾ ഗോൾ നേടുകയും നിങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്താൽ, ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയല്ലെന്ന് വളരെയധികം വ്യക്തമാകും” ഇവാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിലെ വാക് ഔട്ട് വളരെയധികം സംഘർഷങ്ങളും പിരിമുറുക്കങ്ങളും കണ്ട ഒരു രാജ്യത്ത് തന്റെ വളർത്തലിന്റെ ഫലമാണെന്ന് വുകോമാനോവിച്ച് പറഞ്ഞു.”ഇത് കുടുംബ വിദ്യാഭ്യാസം, മാനസികാവസ്ഥ, സ്വഭാവം എന്നിവയിൽ നിന്നാണ് വരുന്നത്. ഞാൻ ഓർക്കുന്നു ചെറുപ്പമായിരുന്നപ്പോൾ … ചരിത്രത്തിൽ പലതവണ അടിച്ചമർത്തപ്പെട്ടിരുന്നു, സംഘർഷങ്ങൾ, ലോകമഹായുദ്ധങ്ങൾ, അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങൾ പഠിക്കുന്ന ഒരു മാനസികാവസ്ഥയുണ്ട് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എതിരെ അനീതി ഉണ്ടാകുമ്പോഴെല്ലാം പ്രതികരിക്കണം എന്ന് ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിക്കുന്നു. അത് എന്റെ സ്വഭാവമാണ്” വുകോമാനോവിച്ച് പറഞ്ഞു.

4/5 - (1 vote)