‘തിരിച്ചുവരാനും പരമ്പര നേടാനുമുള്ള മികച്ച അവസരം’: ഇംഗ്ലണ്ട് തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബെൻ സ്റ്റോക്സ് | IND vs ENG

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ ദയനീയ തോൽവിയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ഇംഗ്ലീഷ് ടീമിന്റെ ബാസ്‌ബോൾ ശൈലിയെ ഇന്ത്യ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

വിജയത്തോടെ മെൻ ഇൻ ബ്ലൂ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ലീഡ് നേടുകയും ചെയ്തു.യശസ്വി ജയ്‌സ്വാളിൻ്റെ 214, ശുഭ്‌മാൻ ഗില്ലിൻ്റെ 91, സർഫറാസ് ഖാൻ്റെ 68 എന്നിവരുടെ മികവിലാണ് 557 റൺസ് വിജയലക്ഷ്യം ആതിഥേയർ ഉയർത്തിയത്. രവീന്ദ്ര ജഡേജ ബൗൾ കൊണ്ടും മികവ് പുലർത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 122 റൺസിന്‌ പുറത്തായി. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇപ്പോഴും തൻ്റെ ടീമിന് തിരിച്ചുവരവ് നടത്താനും പരമ്പര നേടാനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.

“എല്ലാവർക്കും കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും അഭിപ്രായവും ഉണ്ട്, ഡ്രസ്സിംഗ് റൂമിലെ ആളുകളാണ് ഞങ്ങൾക്ക് പ്രധാനം. പരമ്പരയിൽ 1-2 ന് പിന്നിലായി, ഞങ്ങൾക്ക് തിരിച്ചുവരാനും പരമ്പര നേടാനുമുള്ള മികച്ച അവസരമാണ്.ഞങ്ങൾ ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല ,പരമ്പര നേടുന്നതിന് അടുത്ത 2 മത്സരങ്ങൾ ജയിക്കണമെന്ന് ഞങ്ങൾക്കറിയാം, അതാണ് ഞങ്ങൾ ചെയ്യാൻ നോക്കുന്നത്,” സ്റ്റോക്സ് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സിൽ 153 റൺസ് നേടിയ ബെൻ ഡക്കറ്റിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് ജയിച്ച ഇംഗ്ലണ്ട് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 106 റൺസിന് തോൽക്കുകയും ചെയ്തിരുന്നു.

Rate this post