ചരിത്ര നേട്ടവുമായി നെയ്മർ ,പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്‌കോററായി നെയ്മർ |Neymar

ദക്ഷിണ അമേരിക്ക ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ.ബൊളീവിയയ്‌ക്കെതിരെ ബ്രസീലിലെ ബെലെമിലെ പാരയിലെ മാംഗ്യൂറോ എന്നറിയപ്പെടുന്ന എസ്റ്റാഡിയോ ഒളിമ്പിക്കോ ഡോ പാരയിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയ നെയ്മർ പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്‌കോററായി മാറി.

അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനായി 77 ഗോളുകൾ എന്ന ഇതിഹാസ താരം പെലെയുടെ റെക്കോർഡ് ആണ് നെയ്മർ തകർത്തത്.ബ്രസീലിനായി തന്റെ 125-ാം മത്സരം കളിക്കുന്ന നെയ്മർ മത്സരത്തിന്റെ 61-ാം മിനിറ്റിൽ തന്റെ 78-ാം ഗോൾ നേടിയാണ് റെക്കോർഡ് മറികടന്നത്.എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായ പെലെ തന്റെ കളിജീവിതത്തിനിടയിൽ ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയിട്ടുണ്ട്.ആ കാലയളവിൽ 1958, 1962, 1970 വർഷങ്ങളിൽ മൂന്ന് ഫിഫ ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ബൊളീവിയക്കെതിരെ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകളാക്കാണ് വിജയം നേടിയത്.സൂപ്പർ താരം നെയ്മറും റോഡ്രിഗോയും ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫിൻഹയാണ് ശേഷിച്ച ഗോൾ നേടിയത്.രണ്ടു ഗോളുകൾ നേടുന്നതിന് പുറമെ രണ്ടു ഗോളുകൾക്ക് നെയ്മർ വഴിയൊരുക്കി കൊടുക്കുകയും ചെയ്തു.മത്സരത്തിന്റെ ആദ്യ പകുതിയിൽ നെയ്മർ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യക്കെതിരെ കളിച്ച ശേഷം ആദ്യമായാണ് നെയ്മർ ബ്രസീലിയൻ ജേഴ്സിയിൽ ഇറങ്ങുന്നത്.

24, 53 മിനിറ്റുകളിൽ ആണ് റോഡ്രിഗോ ഗോൾ നേടിയത്.61, 93 മിനിറ്റുകളിൽ നെയ്മർ ബൊളീവിയൻ വല ചലിപ്പിച്ചു.47 മിനിറ്റിലാണ് റഫീഞ്ഞയുടെ ഗോൾ വരുന്നത്. 78 മിനിറ്റിൽ ബൊളീവിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം പൂർത്തിയായപ്പോൾ ബ്രസീൽ അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.സെപ്തംബർ 13 നു നടക്കുന്ന മത്സരത്തിൽ ബ്രസീൽ പെറുവിനെ നേരിടും.

Rate this post