‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ തുടക്കംകുറിച്ച് ബ്രസീൽ |Brazil

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആവുകയും ചെയ്തു.

ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് . നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ മുന്നേറ്റ നിര ബൊളീവിയ പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി മുന്നേറി കൊണ്ടിരുന്നു. മത്സരത്തിന്റെ 15 ആം മിനുട്ടിൽ ബ്രസീലിനു അനുകൂലമായി റഫറി പെനാൽറ്റി നൽകി. എന്നാൽ സൂപ്പർ താരം നെയ്മറുടെ കിക്ക് ബൊളീവിയൻ കീപ്പർ വിസ്‌കാര തടുത്തിട്ടു. ഗോൾ സ്കോറിങ്ങിൽ ഇതിഹാസ താരം പെലെയെ മറികടക്കാനുള്ള അവസരമായിരുന്നു നെയ്മർക്ക് ലഭിച്ചത്.

24 ആം മിനിറ്റിൽ റോഡ്രിഗോ ബ്രസീലിനെ മുന്നിലെത്തിച്ചു. റാഫിൻഹയുടെ ഷോട്ട് ഗോൾ കീപ്പർ തടുത്തിട്ടെങ്കിയിലും റീ ബൗണ്ടിൽ റോഡ്രിഗോ വലയിലാക്കി. ലീഡ് വർധിപ്പിക്കാൻ ബ്രസീലിന് അവസരങ്ങൾ ലഭിച്ചെങ്കിലും ബൊളീവിയൻ കീപ്പറുടെ മികച്ച പ്രകടനം തടസ്സമായി മാറി.ബ്രസീലിന് ഗോളടിക്കാൻ അര ഡസൻ അവസരങ്ങളെങ്കിലും ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ സ്കോർലൈൻ 1-0 എന്ന നിലയിൽ തുടർന്നു.

48 ആം മിനുട്ടിൽ റഫിൻഹ ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി. നെയ്മറിൽ നിന്നും പാസ് സ്വീകരിച്ച റാഫിൻഹ രണ്ട് ഡിഫൻഡർമാരെയും ഒരു കീപ്പറെയും കീഴടക്കി മികച്ചൊരു ഫിനിഷിംഗിലൂടെ ഗോളാക്കി മാറ്റി. 53 ആം മിനുട്ടിൽ റോഡ്രി ബ്രസീലിന്റെ മൂന്നാമത്തെയും തന്റെ രണ്ടമത്തെയും ഗോൾ നേടി. 61 ആം മിനുട്ടിൽ സൂപ്പർ താരം നെയ്മർ ബ്രസീലിൻറെ നാലാമത്തെ ഗോൾ നേടി. ഇതോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ചെയ്തു. 80 ആം മിനുട്ടിൽ വിക്ടർ അബറേജോ ബൊളീവിയക്ക് വേണ്ടി ഒരു ഗോൾ മടക്കി.ഇഞ്ചുറി ടൈമിൽ നെയ്മർ ബ്രസീലിന്റെ അഞ്ചാം ഗോൾ നേടി.

Rate this post