വെടിക്കെട്ട് ബാറ്റിങ്ങുമായി ധോണി ,ലക്നൗവിനെതിരെ 176 റൺസ് അടിച്ചെടുത്ത് ചെന്നൈ |IPL2024
രവീന്ദ്ര ജഡേജയുടെ മികച്ച ഫിഫ്റ്റിയും എംഎസ് ധോണിയുടെ തകർപ്പൻ പ്രകടനവും ചെന്നൈ സൂപ്പർ കിംഗ്സിനെ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന നിലയിൽ എത്തിച്ചു. എട്ടാമനായി ഇറങ്ങിയ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
ധോണി 9 പന്തിൽ നിന്നും മൂന്നു ഫോറും രണ്ടു സിക്സും അടക്കം 28 റൺസ് നേടി പുറത്താവാതെ നിന്നു.19-ാം ഓവറിൽ എംഎസ് ധോണി സ്റ്റമ്പിനു കുറുകെ നടന്ന് മൊഹ്സിൻ ഖാനെ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് അടിക്കുകയും ചെയ്തു.ധോണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിക്സറായിരുന്നു അത്. രവീന്ദ്ര ജഡേജ 40 പന്തിൽ നിന്നും 57 റൺസ് നേടി പുറത്താവാതെ നിന്നു.അജിൻക്യ രഹാനെ 24 പന്തിൽ നിന്നും 36 റൺസ് നേടി പുറത്തായി.
നേരത്തെ ടോസ് നേടിയ എൽഎസ്ജി നായകൻ കെഎൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രച്ചിന്‍ രവീന്ദ്ര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. താരത്തെ മൊഹ്സിന്‍ ഖാന് ബൗള്‍ഡാക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് ഉള്ളപ്പോഴാണ് രച്ചിന്റെ വിക്കറ്റ് വീഴുന്നത്.വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് അധിക നേരം ക്രീസിലുറച്ചുനില്‍ക്കാനായില്ല.
13 പന്തില്‍ 17 റണ്‍സെടുത്ത ചെന്നൈ നായകനെ യഷ് താക്കൂര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ടീം സ്കോര്‍ 33 റണ്‍സിലെത്തിച്ചാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ശിവം ദുബെ മൂന്നു റൺസിനും റിസ്വി ഒരു റൺസിനും പുറത്തായി. ലക്നൗവിനായി കൃണാൽ പാണ്ട്യ രണ്ടു വിക്കറ്റ് വീഴ്ത്തി.