കൊളംബിയക്കെതിരെ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രസീലിന് പെനാൽറ്റി നൽകാത്തത് തെറ്റാണെന്ന് സമ്മതിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ | Copa America 2024

ചൊവ്വാഴ്ച കൊളംബിയക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ബ്രസീലിന് പെനാൽറ്റി നൽകാതിരിക്കുന്നതിൽ റഫറിക്കും VAR-നും പിഴവ് സംഭവിച്ചതായി CONMEBOL പറഞ്ഞു. 1 -1 സമനിലയിലായ മത്സരത്തിൽ ഡിഫൻഡർ ഡാനിയൽ മുനോസ് വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി നൽകിയിരുന്നില്ല.

സാന്താ ക്ലാരയുടെ ലെവീസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തിൻ്റെ 42-ാം മിനിറ്റിൽ ബ്രസീൽ കൊളംബിയക്കെതിരെ 1-0ന് മുന്നിട്ട് നിൽക്കുമ്പോൾ വിനീഷ്യസ് ഇടതുവശത്ത് നിന്ന് ബോക്സിലേക്ക് ഓടിച്ചെന്നപ്പോൾ മുനോസ് അവനെ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വാര്‍ പരിശോധനയിലും പെനാല്‍റ്റി അംഗീകരിച്ചിരുന്നില്ല. മത്സരത്തിന് ശേഷം വിനീഷ്യസിനെ വീഴ്ത്തിയതിന് പെനാൽറ്റി നൽകാതിരുന്നത് രൂക്ഷമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. അതൊരു ക്ലിയർ ഫൗളാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നിട്ടും എന്ത് കൊണ്ടാണ് പെനാൽറ്റി നൽകാതിരുന്നതെന്ന് ഏവരും ചോദിച്ചു. ബ്രസീൽ പരിശീലകനും മത്സരത്തിന് ശേഷം റഫറിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഫൗളിൽ ബ്രസീൽ കളിക്കാർ പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും വെനസ്വേലൻ റഫറി ജീസസ് വലൻസുവേല ഫൗൾ വിളിച്ചില്ല, മുനോസ് പന്തിൽ തൊട്ടത് പരിഗണിച്ച് അർജൻ്റീനയുടെ മൗറോ വിഗ്ലിയാനോയുടെ നേതൃത്വത്തിലുള്ള വിഎആർ തീരുമാനം ശരിവച്ചു.കോൺമെബോൾ റഫറിയുടെ തീരുമാനത്തിൽ തെറ്റു പറ്റിയെന്ന് സമ്മതിക്കുകയുണ്ടായി.

അതൊരു പെനാൽറ്റി തന്നെയാണെന്നും എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി ദൃശ്യങ്ങൾ പരിശോധിച്ചെടുത്ത തീരുമാനത്തിൽ തെറ്റ് പറ്റിയെന്നും കോൺമെബോൾ വ്യക്തമാക്കുന്നു.ആ പെനാൽറ്റി നൽകാതിരുന്നതിനാൽ ബ്രസീൽ മത്സരത്തിൽ വിജയം കൈവിട്ടിരുന്നു. ഇതോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത് എന്നതിനാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന യുറുഗ്വായെ ക്വാർട്ടർ ഫൈനലിൽ നേരിടേണ്ട സാഹചര്യമാണ് ബ്രസീലിനുള്ളത്.

മത്സരത്തില്‍ വിനീഷ്യസിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. രണ്ടാം യെല്ലോ കാർഡും ലഭിച്ച താരത്തിന് അടുത്ത മത്സരത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. യുറുഗ്വായ്ക്കെതിരായ ബ്രസീലിന്‍റെ ക്വാർട്ടർ മത്സരം വിനീഷ്യസിന് നഷ്ടമാകും. നേരത്തെ പരാഗ്വക്കെതിരെ നടന്ന മത്സരത്തിലും താരത്തിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

Rate this post