എംബപ്പെ ഇരട്ടഗോളുകൾ നേടിയിട്ടും പിഎസ്ജിക്ക് തോൽവി : ഇഞ്ചുറി ടൈം ഗോളിൽ ബയേണിനെ സമനിലയിൽ തളച്ച് ലെവർകൂസൻ

ലിഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെയ്‌ന് സ്വന്തം മൈതാനത്ത് തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നൈസ് ആണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. നൈസിനായി ഫോർവേഡ് ടെറം മോഫി രണ്ട് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നേടുകയും ചെയ്തു. പിഎസ്ജിയുടെ ഈ സീസണിലെ ലീഗിലെ ആദ്യ തോൽവിയാണിത്.

അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനതാണ് പിഎസ്ജി.2023-24 കാമ്പെയ്‌നിൽ ഇപ്പോഴും തോൽവിയറിയാതെ രണ്ടാം സ്ഥാനത്തുള്ള നൈസിനേക്കാൾ ഒരു പോയിന്റ് പിന്നിലാണ് അവർ.ആദ്യ പകുതിയിൽ മത്സരം പിഎസ്‌ജി നിയന്ത്രണത്തിലായിരുന്നു.എന്നാൽ 21-ാം മിനിറ്റിൽ മോഫി നൈസിനെ മുന്നിലെത്തിച്ചതോടെ കളി പെട്ടെന്ന് വഴിത്തിരിവായി.സന്ദർശകരുടെ ആഹ്ലാദം വെറും 10 മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്നു.ഹാകിമിയുടെ പാസിൽ നിന്നും എംബപ്പേ പാരിസിനെ ഒപ്പമെത്തിച്ചു.ഇടവേളയ്ക്ക് ശേഷം ടൈറ്റ് ആംഗിളിൽ നിന്നുള്ള മോഫിയുടെ പാസിൽ നിന്നും നേടിയ ഗോളിൽ ഫോർവേഡ് ഗെയ്റ്റൻ ലാബോർഡ് നൈസിന് ലീഡ് പുനഃസ്ഥാപിച്ചു.

68-ാം മിനിറ്റിൽ മോഫി നൈസിന്റെ മൂന്നാം ഗോൾ നേടി.മൂന്ന് മിനിറ്റിനുള്ളിൽ വീണ്ടും സ്‌കോർഷീറ്റിൽ എത്തിയ എംബാപ്പെ പിഎസ്ജിയുടെ പ്രതീക്ഷകൾ പുനഃസ്ഥാപിച്ചു.സ്റ്റോപ്പേജ് ടൈമിൽ പിഎസ്ജി സമനിലക്കായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.നൈസിനെതിരെ മുമ്പ് കളിച്ച 13 ഹോം മത്സരങ്ങളിലും പിഎസ്ജി തോറ്റിരുന്നില്ല.റെന്നസ്, മാഴ്‌സെയ്‌ലി, മൊണാക്കോ എന്നിവർക്കൊപ്പം ഈ സീസണിൽ ടോപ്പ്-ഫ്ലൈറ്റിൽ ഇപ്പോഴും തോൽക്കാത്ത നാല് ടീമുകളിലൊന്നാണ് നൈസ്.

ജർമൻ ബുണ്ടസ് ലീഗിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ബയേൺ ലെവർകൂസൻ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. അര്ജന്റീന മിഡ്ഫീൽഡർ എക്‌സിക്വീൽ പലാസിയോയുടെ സ്റ്റോപ്പേജ്-ടൈം പെനാൽറ്റിയാണ് ബയേണിന്റെ വിജയം തടഞ്ഞത്. അൽഫോൻസോ ഡേവീസ് ജോനാസ് ഹോഫ്മാനെ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്.സമനില ബയേണിനെയും ലെവർകൂസനെയും 10 പോയിന്റുമായി സ്റ്റാൻഡിംഗിൽ ഒന്നാമതാക്കി. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ നേടിയ ഗോളിൽ ഹാരി കെയ്ൻ ബയേണിനെ മുന്നിലെത്തിച്ചു.

24 ആം മിനുട്ടിൽ മനോഹരമായ ഫ്രീ കിക്കിൽ നിന്നും അലെജാൻഡ്രോ ഗ്രിമാൽഡോ ലെവർകൂസനെ ഒപ്പമെത്തിച്ചു.86-ാം മിനിറ്റിൽ ലിയോൺ ഗൊറെറ്റ്‌സ്‌കയിലൂടെ ബയേൺ ലീഡ് നേടി.പകരക്കാരനായി ഇറങ്ങിയ മാതിസ് ടെലിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. ഇഞ്ചുറി ടൈമിൽ പലാസിയോസ് ലെവർകൂസന്റെ സമനില ഗോൾ നേടി.

Rate this post