എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ് പെരേര,ഗബ്രിയേൽ മാർട്ടിനെല്ലി ,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.ജൂലിയൻ ക്വിനോൻസ് ഗില്ലെർമോ മാർട്ടിനെസ് എന്നിവർ മെക്സിക്കോയുടെ ഗോളുകൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിയൻ യുവ നിരയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. അഞ്ചാം മിനുട്ടിൽ ഫുൾഹാം താരം ആൻഡ്രിയാസ് പെരേര നേടിയ മികച്ചൊരു ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. സാവിയോ കൊടുത്ത പാസ് മികച്ച രീതിയിൽ നിയന്ത്രിച്ച പെരേര തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ആദ്യ പകുതിയിൽ ബ്രസീലിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

രണ്ടാം പകുതിയിലും ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 54 ആം മിനുട്ടിൽ മികച്ചൊരു ടീം ഗോളിലൂടെ മാര്ടിനെല്ലി ബ്രസീലിന്റെ ലീഡ് ഉയർത്തി.യാൻ കൂട്ടോയുടെ പാസിൽ നിന്നാണ് ഗബ്രിയേൽ മാർട്ടിനെല്ലി ഗോൾ നേടിയത്. എന്നാൽ 73 ആം മിനുട്ടിൽ ജൂലിയൻ ക്വിനോൻസ് നേടിയ ഗോളിലൂടെ മെക്സിക്കോ മത്സരത്തിലേക്ക് തിരിച്ചുവന്നു.

അവസാന മിനിറ്റുകളിൽ മെക്സിക്കോ സമനില ഗോളിനായി കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. ഇഞ്ചുറി ടൈമിൽ മെക്സിക്കോയുടെ സമനില ഗോൾ വന്നു.ഗില്ലെർമോ മാർട്ടിനെസ് അയാലയാണ് സമനില ഗോൾ നേടിയത്. തൊട്ടു പിന്നാലെ എൻഡ്രിക്ക് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോളും നേടി.

Rate this post