2023ലെ ഏകദിന ലോകകപ്പിലെ മൂന്ന് ഫേവറിറ്റുകളെ തെരഞ്ഞെടുത്ത് ഫാഫ് ഡു പ്ലെസിസ് | CC ODI World Cup 2023

2023 ഏകദിന ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഏകദിന ലോകകപ്പിലെ കിരീട ജേതാക്കളെ പ്രവചിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുൻ നായകനും ബാറ്ററുമായ ഫാഫ് ഡുപ്ലസിസ്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കുന്ന ടൂർണമെന്റിൽ ഏതൊക്കെ ടീമുകൾ അവസാന ലാപ്പിലെത്തും എന്നാണ് ഡുപ്ലസിസ് പറയുന്നത്.

നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ഒഴിവാക്കിയാണ് ഹാഫ് ഡുപ്ലസിസ് തന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും കിരീടമുയർത്താൻ സാധ്യതയുള്ളത് മൂന്ന് ടീമുകൾക്കാണ് എന്ന് ഡുപ്ലസിസ് പറയുന്നു.ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ, മുൻപ് 5 തവണ ഐസിസിയുടെ ഏകദിന കിരീടം സ്വന്തമാക്കിയിട്ടുള്ള ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പം, ദക്ഷിണാഫ്രിക്കയെയും 2023 ഏകദിന ലോകകപ്പിന്റെ ഫേവറേറ്റുകളായി ഡുപ്ലസിസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

2019 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനായിരുന്നു ഡുപ്ലസിസ്. എന്നാൽ ടൂർണമെന്റിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ഇന്ത്യയിലേക്ക് ലോകകപ്പ് എത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രതീക്ഷയുണ്ട് എന്ന് ഡുപ്ലസിസ് പറയുന്നു. പലപ്പോഴും തങ്ങളെ വേട്ടയാടുന്നത് നിർഭാഗ്യമാണെന്നും, എന്നാൽ ഇത്തവണ അതിന് അറുതി വരുമെന്നുമാണ് ഡുപ്ലസിസ് വിശ്വസിക്കുന്നത്.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ ഇന്ത്യയ്ക്കാണ് ഏറ്റവും വലിയ സാധ്യത എന്ന് ഡുപ്ലസിസ് അഭിപ്രായപ്പെടുന്നു. “ദക്ഷിണാഫ്രിക്കയുടേത് മികച്ച ഒരു ടീം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീമിനെ മറികടക്കുക എന്നത് മറ്റു ടീമുകൾക്ക് വളരെ കഠിനമായിരിക്കും. എന്നിരുന്നാലും ഐസിസി ടൂർണമെന്റുകളിൽ മികവ് പുലർത്തിയിട്ടുള്ള ഓസ്ട്രേലിയയെ എഴുതിത്തള്ളാനും നമുക്ക് സാധിക്കില്ല.

ദക്ഷിണാഫ്രിക്കയും ചില കാര്യങ്ങൾ ലോകകപ്പിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പിന് മുൻപ് നടത്തിയ മികവുറ്റ പ്രകടനങ്ങൾ ലോകകപ്പിലും ദക്ഷിണാഫ്രിക്ക ആവർത്തിക്കേണ്ടതുണ്ട്. ലോകകപ്പ് വരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ലോകകപ്പിലേക്ക് എത്തുമ്പോൾ കളി മറക്കുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ ഇത്തവണ ടീം കൂടുതൽ സ്ഥിരത പുലർത്തണം.”- ഡുപ്ലസിസ് പറയുന്നു.

Rate this post