ഈ പ്രകടനവുമായി പോയാൽ ലോകകപ്പ് ഇന്ത്യക്ക് സ്വപ്‌നമായി തന്നെ അവശേഷിക്കും |India

നേപ്പാളിനെതിരായ തങ്ങളുടെ ഏഷ്യാകപ്പ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബോൾ ചെയ്ത്, ദുർബലമായ നേപ്പാൾ ടീമിനെ 200ന് താഴെ ഒരു സ്കോറിൽ ഒതുക്കുക എന്നതായിരുന്നു ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ മൈതാനത്ത് നടന്നത് മറ്റൊന്നാണ്. ഇന്ത്യ ബോളിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനം നടത്തിയതോടെ നേപ്പാൾ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തിപ്പെടുകയുണ്ടായി.

ആദ്യ സമയങ്ങളിൽ തന്നെ തങ്ങളുടെ കൈകളിലേക്കെത്തിയ അനായാസ ക്യാച്ചുകൾ പോലും ഇന്ത്യൻ ഫീൽഡർമാർക്ക് കൈവിട്ടു. ഇത് നേപ്പാളിനെ വളരെയധികം സഹായിക്കുകയും ചെയ്തു. ഫീൽഡിൽ മാത്രമല്ല ബോളിങ്ങിലും ഇന്ത്യ ഇത്തരം മോശം സമീപനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചത്.താരതമ്യേന ദുർബലമായ നേപ്പാളിന്റെ ബാറ്റിംഗ് നിരയ്ക്ക് മുൻപിൽ ഇന്ത്യൻ ബോളർമാരൊക്കെയും കടപുഴകി വീണു. ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ രണ്ടാം ടീമായ ഇന്ത്യ യാതൊരു തരത്തിലും തങ്ങളുടെ ഫോമിലേക്ക് തിരികെ എത്തിയില്ല.

ജസ്പ്രീറ്റ് ബൂമ്ര എന്ന ബോളറുടെ അഭാവം ഇന്ത്യയെ മത്സരത്തിൽ വലിയ രീതിയിൽ ബാധിച്ചു. ഇതോടൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ശർദുൽ താക്കൂർ, ഹർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന പേസ് നിര തീർത്തും പരാജയമായി മാറുകയായിരുന്നു. ഇത്തരം നനഞ്ഞ പടക്കങ്ങൾ ഇന്ത്യയെ മത്സരത്തിലുടനീളം ബാധിക്കുകയും ചെയ്തു. ജഡേജയെ ഒഴിച്ച് നിർത്തിയാൽ ഒരു ബോളർക്ക് പോലും നേപ്പാൾ ടീമിന്മേൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത.

മറുവശത്ത് നേപ്പാളിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ ഒരുപാട് പോസിറ്റീവ് മത്സരത്തിൽ എടുത്തു പറയാനുണ്ട്. മത്സരത്തിലെ ഇന്ത്യയുടെ മോശം ബോളിംഗ് പ്രകടനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഈ ബോളിംഗ് പ്രകടനവുമായി ഇന്ത്യ പാകിസ്ഥാൻ ടീമിനെതിരെ കളിക്കാതിരുന്നത് ഭാഗ്യമായി എന്നാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പറയുന്നത്.

പാകിസ്ഥാനെതിരായ മത്സരം നടന്നിരുന്നെങ്കിൽ അവർ ഇന്ത്യൻ ബോളർമാരെ നാണംകെടുത്തിയേനെ എന്ന് ആരാധകർ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല നേപ്പാളിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ശരീരഭാഷ അടക്കം വിമർശന വിധേയമാക്കിയാണ് ആരാധകർ പ്രതികരിക്കുന്നത്. ഈ പ്രകടനം കൊണ്ട് ഒരിക്കലും ഇന്ത്യൻ ടീം ഇത്തവണത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യൻ ആരാധകർ.

Rate this post