കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം

ഏഷ്യാകപ്പിൽ കെഎൽ രാഹുലിനെയായിരുന്നു ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നത് ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ രാഹുലിനു പകരം ആരെയാണ് ഇന്ത്യയിൽ ടീമിൽ ഉൾപ്പെടുത്തുക എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിക്കുന്നു.

നിലവിൽ ഇഷാൻ കിഷനാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന ബാക്കപ്പ് വിക്കറ്റ് കീപ്പർ. എന്നിരുന്നാലും സഞ്ജു സാംസണും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത എന്നാണ് ഇന്ത്യയുടെ മുൻ സ്പിന്നർ പിയൂഷ് ചൗള പറയുന്നത്.

“നിലവിലെ ഏകദിന ക്രിക്കറ്റിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ രാഹുലിന് പകരം ഇഷാൻ കിഷൻ തന്നെ ടീമിലെത്താനാണ് സാധ്യത. എന്നാൽ ഇഷാൻ കിഷൻ ഇന്ത്യയുടെ ഓപ്പണിങ്ങിലേക്ക് വന്നെത്തുന്നതോടുകൂടി ഇന്ത്യൻ ടീം കോമ്പിനേഷനിൽ ചില പ്രശ്നങ്ങൾ ഉദിക്കാൻ സാധ്യതയുണ്ട്. ചില വിട്ടുവീഴ്ചകൾ ഇന്ത്യൻ ടീം അതിനായി നടത്തേണ്ടിവരും. പക്ഷേ ഏകദിന ലോകകപ്പ് ആരംഭിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തുന്നത് ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട്. അത്തരം ഒരു കോമ്പിനേഷൻ മാറ്റം വരുത്താതിരിക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നല്ലത്. ഇങ്ങനെയുള്ളപ്പോൾ സഞ്ജു സാംസണെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും എന്നാണ് ഞാൻ കരുതുന്നത്.”- ചൗള പറഞ്ഞു.

“ഇഷാൻ കിഷനെ സംബന്ധിച്ച് മധ്യനിരയിൽ കളിക്കുക എന്നത് അല്പം കടുപ്പം തന്നെയാണ്. എന്നിരുന്നാലും ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു ഇഷാൻ കാഴ്ചവച്ചത്. മധ്യനിരയിൽ കളിച്ച് യാതൊരു പരിചയമില്ലാത്ത ബാറ്റർ കൂടിയാണ് ഇഷാൻ കിഷൻ എന്നത് നമ്മൾ അംഗീകരിക്കേണ്ടി വരും. അതിനാൽ തന്നെ രാഹുൽ ഇല്ലാത്ത സാഹചര്യത്തിൽ സഞ്ജു തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു ഓപ്ഷൻ.”- ചൗള കൂട്ടിച്ചേർക്കുന്നു.

2.7/5 - (3 votes)