2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ|World Cup 2023

2023ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയെ മൂന്നാം തവണ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കാൻ പ്രാപ്തിയുള്ള മൂന്ന് താരങ്ങളെയാണ് സൗരവ് ഗാംഗുലി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർതാരം വിരാട് കോഹ്ലി, യുവബാറ്റർ ശുഭ്മാൻ ഗിൽ എന്നിവരാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങാൻ സാധ്യതയുള്ള കളിക്കാർ എന്ന് ഗാംഗുലി പറയുന്നു. ഇതിനൊപ്പം സ്വന്തം മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ വിജയസാധ്യത വളരെ കൂടുതലാണ് എന്നും ഗാംഗുലി പറയുകയുണ്ടായി.

“ഏകദിന നായകനായുള്ള രോഹിത് ശർമയുടെ അവസാനത്തെ ലോകകപ്പ് തന്നെയായിരിക്കും 2023ലെത്. 2019ൽ ഇന്ത്യക്കായി കളിക്കുമ്പോൾ രോഹിത് നായകനായിരുന്നില്ല. എന്നാൽ മികച്ച പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ 2019 ലോകകപ്പിൽ ഇന്ത്യക്കായി കാഴ്ചവച്ചത്. അന്ന് ദക്ഷിണാഫ്രിക്കയ്ക്കും പാക്കിസ്ഥാനും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരെയെല്ലാം സെഞ്ച്വറി സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. അത് സൂചിപ്പിക്കുന്നത് രോഹിതിന്റെ മികവ് തന്നെയാണ്. ഇതുവരെ ലോകകപ്പിൽ വളരെ മികച്ച റെക്കോർഡുകളാണ് രോഹിത് ശർമയ്ക്ക് അവകാശപ്പെടാനുള്ളത്.”- സൗരവ് ഗാംഗുലി പറയുന്നു.

“കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. അത് ഇന്ത്യൻ ടീമിനും വളരെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒപ്പം ക്രീസിൽ പിടിച്ചു നിന്ന് മത്സരം വിജയിപ്പിക്കാനുള്ള കഴിവ് യുവതാരം ശുഭ്മാൻ ഗില്ലിനുമുണ്ട്. ഈ മൂന്ന് താരങ്ങളും ഏകദിന ലോകകപ്പിൽ മികവ് പുലർത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് അനായാസം കിരീടം ചൂടാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- ഗാംഗുലി പറഞ്ഞു വയ്ക്കുന്നു.

1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ശേഷം 2011ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ മറ്റൊരു കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Rate this post