റെക്കോർഡ് കൂട്ടുകെട്ടുമായി ഓപ്പണർമാർ , നിർണായക മത്സരത്തിൽ ആധികാരികമായ വിജയത്തോടെ പരമ്പര സമനിലയിലാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ യുവനിര. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസ് നേടിയ 178 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ശുഭമാൻ ഗില്ലും ജെയിസ്വാളും അടിച്ചു തകർക്കുകയായിരുന്നു. ഇരുവരുടെയും അർത്ഥശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ ഈ കൂറ്റൻ വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ദയനീയമായി പരാജയം നേരിട്ട ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് ഈ വിജയം നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ അടിച്ചുതകർക്കാനാണ് ആദ്യം മുതൽ വെസ്റ്റിൻഡീസ് ശ്രമിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിൻഡീസിന്റെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആധിപത്യം നേടി. വിൻഡിസ് നിരയിൽ 39 പന്തുകളിൽ 61 റൺസ് നേടിയ ഹെറ്റ്മെയ്റാണ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഹെറ്റ്മെയ്ർ 3 ബൗണ്ടറുകളും 4 സിക്സറുകളും ഇന്നിങ്സിൽ നേടുകയുണ്ടായി. ഒപ്പം ഷെയ് ഹോപ്‌ 29 പന്തുകളിൽ 45 റൺസ് നേടി ഹെറ്റ്മെയ്ർക്ക് പിന്തുണ നൽകി. ഇന്ത്യക്കായി അർഷദീപ് സിംഗ് 3 വിക്കറ്റ് നേടി. ഇതോടെ വിൻഡിസ് സ്കോർ 20 ഓവറിൽ 178 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാർ ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലെ ഓവറുകളിൽ തന്നെ വിൻഡീസ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ശുഭ്മാൻ ഗില്ലിനും ജെയിസ്വാളിനും സാധിച്ചു. ഇരുവരെയും ഇന്നിംഗ്സിന്റെ ഒരു സമയത്ത് പോലും പിടിച്ചു കെട്ടാൻ വിൻഡിസ് ബോളിങ് നിരയ്ക്ക് സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ 10 ഓവറുകളിൽ തന്നെ ഇന്ത്യൻ സ്കോർ 100 റൺസ് കടത്താൻ ഇരുവർക്കും സാധിച്ചു. ഇതോടെ മത്സരം ഇന്ത്യ വിൻഡീസിന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുകയായിരുന്നു.

ആദ്യ വിക്കറ്റിൽ ഇന്ത്യക്കായി 165 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഗില്ലും ജയസ്വാളും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ 47 പന്തുകളിൽ നിന്ന് 77 റൺസാണ് ഗിൽ നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ജയിസ്വാൾ 51 പന്തുകളിൽ 84 റൺസ് നേടി പുറത്താവാതെ നിന്നു. 11 ബൗണ്ടറികളും 3 സിക്സറുകളുമാണ് ജെയിസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇങ്ങനെ ഇന്ത്യ 9 വിക്കറ്റുകളുടെ തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 2-2 എന്ന നിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Rate this post