പാകിസ്താനെതിരെ വിരാട് കോലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി ഗൗതം ഗംഭീർ

ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഹൈ-ഒക്ടേൻ ഏറ്റുമുട്ടലിൽ വിരാട് കോഹ്‌ലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ.

പാകിസ്ഥാനെതിരായ മത്സരത്തിൽ കോഹ്‌ലി തന്റെ സിഗ്നേച്ചർ കവർ ഡ്രൈവിൽ തുടങ്ങി, ചിരവൈരികൾക്കെതിരെ മറ്റൊരു ഉജ്ജ്വലമായ ഇന്നിങ്സ് കളിക്കുമെന്ന് തോന്നിച്ചു.എന്നാൽ ഉടൻ തന്നെ ഷഹീൻ ഷാ അഫ്രീദി അദ്ദേഹത്തെ പുറത്താക്കി. ഏഴ് പന്തിൽ നാല് റൺസ് മാത്രം നേടി കോലി പുറത്തായി.”അത് ഒരു ഷോട്ട് ആയിരുന്നില്ല, മുന്നോട്ട് പോയില്ല, പിന്നോട്ടില്ല. അൽപ്പം കാഷ്വൽ ആയിരുന്നുവെന്ന് ഞാൻ കരുതുന്നു. ഷഹീൻ അഫ്രീദിയെ പോലെയുള്ള ഒരാളെ കളിക്കുമ്പോൾ ശ്രദ്ധിക്കണം . മുന്നോട്ട് പോകണോ പിന്നോട്ട് പോകണോ എന്ന് നിങ്ങൾക്കറിയില്ല,” ഗംഭീർ പറഞ്ഞു.

എന്നാൽ കോഹ്‌ലി നിർഭാഗ്യവാനാണെന്ന് പാകിസ്ഥാൻ ഇതിഹാസ ബൗളർ വഖർ യൂനിസ് പറഞ്ഞു.മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡനും വഖാറിന്റെ അഭിപ്രായത്തോട് യോജിച്ചു.വിരാടിനെ വീഴ്ത്തുന്നതിന് പുറമെ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ നിർണായക വിക്കറ്റുകളും ഷഹീൻ വീഴ്ത്തി.

“ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ല് ആയതിനാൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത്. എന്നിരുന്നാലും, ഇത് ഒരു ടീം ഗെയിമായതിനാൽ ഞാൻ ടീമിന് മുഴുവൻ ക്രെഡിറ്റ് നൽകും,” ഷഹീൻ പറഞ്ഞു.

Rate this post