ഇരട്ട സെഞ്ചുറി നേടി ഓസ്‌ട്രേലിയക്ക് അവിശ്വസനീയ ജയം നേടികൊടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ |World Cup 2023 |Glenn Maxwell 

അഫ്ഗാനിസ്ഥാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. പൂർണ്ണമായും പരാജയത്തിന്റെ വക്കിൽ നിന്ന ഓസ്ട്രേലിയയെ മാക്സ്വെൽ അവിശ്വസനീയമായ രീതിയിൽ മത്സരത്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ 292 റൺസ് പിന്തുടർന്നപ്പോൾ 7 വിക്കറ്റിന് 91 എന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ കരക്ക് കയറ്റിയത് മാക്‌സ്‌വെൽ നേടിയ മിന്നുന്ന ഡബിൾ സെഞ്ചുറിയാണ്.19 പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ നേടിയത്.

തനിക്ക് പരിക്കേറ്റിട്ടും തന്റെ ടീമിനായി പൊരുതുന്ന മാക്‌സെല്ലിനെയാണ് മത്സരത്തിൽ കണ്ടത്. മാക്സ്വെല്ലിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ 3 വിക്കറ്റിന്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മാക്സ്വെൽ മത്സരത്തിൽ 128 പന്തുകൾ നേരിട്ട് 201 റൺസ് സ്വന്തമാക്കുകയുണ്ടായി. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ ബാറ്റർമാർക്കൊക്കെയും മത്സരത്തിൽ മികച്ച തുടക്കങ്ങൾ ലഭിച്ചു. എന്നാൽ ഇബ്രാഹിം സദ്രാന് മാത്രമാണ് അത് മികച്ച രീതിയിൽ മുതലെടുക്കാൻ സാധിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ ബൗണ്ടറി കണ്ടെത്തിയും സംയമനത്തോടെ ഓസ്ട്രേലിയയെ നേരിട്ടും സദ്രാൻ മുന്നോട്ടു പോവുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് സദ്രാൻ നേടിയത്. ഒരു അഫ്ഗാനിസ്ഥാൻ താരത്തിന്റെ ലോകകപ്പിലെ ആദ്യ സെഞ്ച്വറി ആണ് സദ്രാൻ സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ട സദ്രാൻ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 129 റൺസ് നേടി. ഒപ്പം അവസാന ഓവറുകളിൽ 18 പന്തുകളിൽ 35 റൺസ് നേടിയ റാഷിദ് ഖാനും അടിച്ചു തകർത്തതോടെ അഫ്ഗാനിസ്ഥാൻ 291 എന്ന മികച്ച സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാൻ പേസർമാർക്ക് മുൻപിൽ ഓസ്ട്രേലിയയുടെ മുൻനിര അടിയറവ് പറഞ്ഞു. നവീൻ ഉൾ ഹക്കും അസ്മത്തുള്ളയും കൃത്യമായി ലെങ്ത് കണ്ടെത്തിയതോടെ ഓസ്ട്രേലിയൻ ബാറ്റർമാർ കൂടാരം കയറുകയായിരുന്നു. പിന്നാലെ റാഷിദ് ഖാനും വിക്കറ്റുകൾ നേടി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി. ഇതോടെ ഓസ്ട്രേലിയ 91ന് 7 എന്ന നിലയിൽ സമ്മർദ്ദത്തിൽ ആവുകയായിരുന്നു. പക്ഷെ പിന്നീട് കാണാൻ സാധിച്ചത് മാക്സ്വെല്ലിന്റെ ഒരു ബിഗ് ഷോയാണ്.

അഫ്ഗാനിസ്ഥാനെ പൂർണ്ണമായും പഞ്ഞിക്കിട്ടു കൊണ്ട് ഒരു അത്ഭുത ഇന്നിങ്സാണ് മത്സരത്തിൽ മാക്സ്വെൽ കാഴ്ചവച്ചത്. പരിക്കിനെ പോലും അവഗണിച്ച ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു മാക്സ്വെൽ മത്സരത്തിൽ നേടിയത്. മാത്രമല്ല എട്ടാം വിക്കറ്റിൽ കമ്മീൻസുമൊത്ത് റെക്കോർഡ് കൂട്ടുകെട്ടും മാക്സ്വെൽ കെട്ടിപ്പടുത്തു. മത്സരത്തിൽ 128 പന്തുകൾ നേരിട്ട മാക്സ്വെൽ 201 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 21 ബൗണ്ടറികളും 10 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഇതോടെ ഓസ്ട്രേലിയ മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.

9-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് വാർണറെയും ജോഷ് ഇംഗ്ലിസിനെയും ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതിന് ശേഷം ഹാട്രിക് പന്ത് നേരിട്ട ഗ്ലെൻ മാക്‌സ്‌വെൽ അസ്മത്തുള്ള ഒമർസായിയുടെ മൂന്നാമത്തെ ഇരയായി മാറിയില്ല.33 റൺസെടുത്ത് നിൽക്കുമ്പോൾ മുജീബ് ഉർ റഹ്‌മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ക്യാച്ച് വിടുകയും ചെയ്തു.19-ാം ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 91 എന്ന നിലയിൽ ഓസ്‌ട്രേലിയ വഴുതി വീണപ്പോൾ അഫ്ഗാൻ അനായാസം വിജയം നേടുമെന്ന് തോന്നി. എന്നാൽ നിഷ്കരുണം അഫ്ഗാൻ ബൗളർമാരെ നേരിട്ട മാക്‌സ്‌വെൽ 33-ാം ഓവറിൽ ന്റെ സെഞ്ച്വറി നേടി.ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം 100-ലധികം സ്‌കോർ നേടിയ മാക്‌സ്‌വെൽ വെറും 76 പന്തിൽ സെഞ്ച്വറി തികച്ചു.

അവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 100 കടക്കുമ്പോൾ, കമ്മിൻസിന് 8 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാക്‌സ്‌വെല്ലിന്റെ മൂന്നാം ലോകകപ്പ് സെഞ്ചുറിയും നിലവിലെ പതിപ്പിലെ രണ്ടാം സെഞ്ചുറിയുമാണ്. ഡൽഹിയിൽ നെതർലൻഡ്‌സിനെ വീഴ്ത്തിയപ്പോൾ 40 പന്തിൽ മാക്‌സ്‌വെൽ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയിരുന്നു.

1.5/5 - (2 votes)