‘മാഡ് മാക്സ് ഷോ’ : ഒറ്റക്കാലിൽ ഒറ്റക്ക് നിന്ന് മാക്‌സ്‌വെൽ നേടിയ അവിശ്വസനീയമായ ഡബിൾ സെഞ്ച്വറി |Glenn Maxwell

ഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാനിതിരായ മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയാണ് മാക്സ്വെൽ കാഴ്ചവെച്ചത്. മത്സരത്തിൽ 292 എന്ന വിജയലക്ഷ്യം മുൻപിൽ കണ്ടിറങ്ങിയ ഓസ്ട്രേലിയൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഈ സമയത്താണ് മാക്സ്വെൽ ക്രീസിലെത്തിയത്. തന്റെ ടീം തകരുന്നത് ഒരു വശത്തുനിന്ന് കാണുകയായിരുന്നു മാക്സ്വെൽ ആദ്യം. ഓസ്ട്രേലിയ 91 ന് 7 എന്ന നിലയിൽ പതുങ്ങിയപ്പോൾ ഒരു അട്ടിമറിയാണ് അഫ്ഗാനിസ്ഥാനും മുംബൈയിൽ തിങ്ങികൂടിയ കാണികളും സ്വപ്നം കണ്ടത്. എന്നാൽ അവിടെ നിന്ന് കഥ മാറുകയായിരുന്നു.

മാക്സ്വെൽ തന്റെ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി നേടിയത് മുതൽ കഥ ആകെ മാറിമറിഞ്ഞു. നേരിട്ട ഓരോ ബോളിലും അനായാസം ബൗണ്ടറികൾ നേടി മാക്സ്വെൽ ഒരു തകർപ്പൻ ഇന്നിങ്സ് കെട്ടിപ്പടുത്തു. എട്ടാം വിക്കറ്റിൽ നായകൻ കമ്മീൻസിനൊപ്പം ചേർന്നാണ് മാക്സ്വൽ ഓസ്ട്രേലിയക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. അഫ്ഗാനിസ്ഥാന്റെ എല്ലാ ബോളർമാരെയും തലങ്ങും വിലങ്ങും പ്രഹരിച്ചാണ് മാക്സ്വെൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. മറ്റെല്ലാ ബാറ്റർമാരും നോക്കുകുത്തികളായപ്പോൾ മാക്സ്വെല്ലിന്റെ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 128 പന്തുകളിൽ നിന്നാണ് മാക്സ്വെൽ തന്റെ ഡബിൾ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 21 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു.

എട്ടാം വിക്കറ്റിൽ കമ്മീൻസിനൊപ്പം ചേർന്ന് 202 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും മാക്സ്വെല്ലിന് സാധിച്ചു. ഇതിൽ കമ്മിൻസ് നേടിയത് 68 പന്തുകളിൽ 12 റൺസ് മാത്രമായിരുന്നു. അത് ചൂണ്ടിക്കാട്ടുന്നത് മാക്സ്വെല്ലിന്റെ പോരാട്ടവീര്യമാണ്. മത്സരത്തിന്റെ മധ്യത്തിൽ തനിക്ക് പരിക്ക് പറ്റിയിട്ടും ടീമിനെ ബലി കൊടുക്കാൻ മാക്സ്വെൽ തയ്യാറായില്ല. തന്റെ നേരെ വന്ന ഓരോ പന്തും ക്രീസിൽ നിന്ന് തന്നെ മാക്സ്വെൽ നേരിട്ടു. ഓടാൻ പറ്റാത്ത സാഹചര്യത്തിൽ ബൗണ്ടറികൾ മാത്രം നേടി ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിക്കാനാണ് മാക്സ്വെൽ ശ്രമിച്ചത്. എല്ലാത്തിന്റെയും ഫലമായി മത്സരത്തിൽ ഓസ്ട്രേലിയ 3 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയും സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു.

സ്‌കോര്‍ ചേസ് ചെയ്യുമ്പോഴുള്ള ഏറ്റവും മികച്ച സ്കോറാണ് ഇന്നലെ മാക്സ്വെൽ നേടിയത് . പാകിസ്ഥാന്‍ താരം ഫഖര്‍ സമാനെയാണ് ഓസ്‌ട്രേലിയൻ മറികടന്നത് . 2021ല്‍ ഫഖര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 193ന് പുറത്തായിരുന്നു. 2011ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ഷെയ്ന്‍ വാട്‌സണ്‍ പുറത്താവാതെ നേടിയ 185 റണ്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പുറത്താവാതെ നേടിയ 183 റണ്‍സാണ് നാലാമത്. 2012ല്‍ മിര്‍പൂരില്‍ പാകിസ്ഥാനെതിരെ വിരാട് കോലി അടിച്ചെടുത്ത 183 റണ്‍സ് അഞ്ചാമതായി. ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഒന്നാമത്. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 237 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. സിംബാബ്‌വെക്കെതിരെ 215 റണ്‍ നേടിയ ഗെയ്ല്‍ സ്ഥാനത്ത്.

Rate this post