കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു.

പുതിയ സൈനിംഗുകളായ പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹുയിഡ്രോം നൗച്ച, ജസ്റ്റിൻ എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴസ് നിരയിൽ അണിനിരന്നു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെറിയ പാസുകലുമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി കളിച്ചു.എന്നാൽ 17 ആം മിനുട്ടിൽ ഗോകുലം കേരള മുന്നിലെത്തി.നിലി പെർഡോമോയുടെ ക്രോസിൽ നിന്നും ബൗബ ഗോകുലത്തിനെ മുന്നിലെത്തിച്ചു.ഗോൾ വീണതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഉണർന്നു കളിച്ചു.

ലൂയും യുവ താരം ജസ്റ്റിനും സമനില ഗോളിന്റെ അടുത്തെത്തുകയും ചെയ്തു. 35 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോളെത്തി.നൈജീരിയൻ യുവ താരം ജസ്റ്റിനാണ് ഗോൾ നേടിയത്. ലൂണയെടുത്ത ഫ്രീകിക്ക് കീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ നിഹാലിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചെങ്കിലും ജസ്റ്റിൻ അത് ഗോളാക്കി മാറ്റി. 43 ആം മിനുട്ടിൽ ശ്രീ കുട്ടനിലൂടെ ഗോകുലം ലീഡ് പുനഃസ്ഥാപിച്ചു.കെബിഎഫ്‌സി ബോക്‌സിൽ പന്ത് ലഭിച്ച പെർഡോമോ വലതുവശത്ത് അലക്‌സ് സാഞ്ചസിന് കൈമാറി. വിംഗർ പന്ത് ബോക്സിലേക്ക് ക്രോസ്സ് ചെയ്യുകയും ശ്രീ കുട്ടൻ ഹെഡ്ഡറിലൂടെ വല കുലുക്കി.

രണ്ടു മിനുട്ടിനു ശേഷം ഗോകുലം മത്സരത്തിലെ മൂന്നാം ഗോളും നേടി.നിലി പെർഡോമോ കൊടുത്ത പാസിൽ നിന്നും സ്പാനിഷ് താരം അലക്സ് സാഞ്ചേസ് ലോപ്പസ് ആണ് ഗോകുലം കേരളയുടെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് നാലാം ഗോളും അടിച്ചുകയറ്റി.42-ാം നമ്പർ താരം അഭിജിത് ബോക്‌സിന് പുറത്ത് നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ബ്ലാസ്റ്റേഴ്‌സ് 54 ആം മിനുട്ടിൽ പ്രബീർ ദാസിന്റെ ഗോളിലൂടെ സ്കോർ 2 -4 ആക്കി കുറച്ചു.എയ്‌മെൻ കൊടുത്ത പാസിൽ നിന്നായിരുന്നു പ്രബീർ ദാസിന്റെ ഗോൾ.

ഗോൾ തിരിച്ചടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോകുലം പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. 75 ആം മിനുട്ടിൽ ഗോൾ നേടാനുള്ള മികച്ച അവസരം ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ മടക്കി സ്കോർ 3 -4 ആക്കി.അഡ്രിയാൻ ലൂണയാണ് ഗോൾ നേടിയത്.

Rate this post