ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് ശെരിയായ തീരുമാനമെന്ന് ഹർഭജൻ സിംഗ് |Sanju Samson

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശെരിയയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ശർമ്മയ്‌ക്കോ വിരാട് കോഹ്‌ലിയ്‌ക്കോ പോലും ടീമിൽ ചെയ്യാൻ കഴിയാത്ത റോൾ ചെയ്യാൻ 31 കാരനായ സൂര്യകുമാറിന് കഴിയുമെന്നതിനാൽ ഏകദിനത്തിലെ മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും പ്ലെയിംഗ് ഇലവനിൽ താൻ താരത്തിന് സ്ഥിരം അവസരം നൽകുമെന്ന് ഹർഭജൻ പറഞ്ഞു.

സാംസൺ, തിലക് വർമ്മ എന്നിവരിൽ നിന്ന് ഇന്ത്യയുടെ ടീമിൽ ഇടം നേടാൻ സൂര്യകുമാറിന് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. ഏകദിനത്തിൽ മോശം പ്രകടനമാണെങ്കിലും T20I കളിലെ മിന്നുന്ന ബാറ്റിംഗാണ് താരത്തിന് വേൾഡ് കപ്പ് ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.സൂര്യകുമാർ, നിലവിൽ ടി20യിൽ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്.ഇന്ത്യയുടെ ഏറ്റവും സമ്പൂർണ്ണ കളിക്കാരൻ യാദവാണെന്നും 30 പന്തുകൾ കളിച്ച് മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്നും ഹർഭജൻ പറഞ്ഞു.

“സൂര്യകുമാർ യാദവ് ഒരു സമ്പൂർണ്ണ കളിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. സഞ്ജു സാംസണോട് സെലക്ടർമാർ കടുത്ത നടപടി സ്വീകരിച്ചതായി ഞാൻ കരുതുന്നില്ല. സഞ്ജു വളരെ നല്ല കളിക്കാരനും നിലവാരമുള്ള കളിക്കാരനുമാണെന്ന് എനിക്ക് തോന്നുന്നു. എന്നാൽ പതിനഞ്ച് കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. എന്നാൽ സഞ്ജുവിനു പകരം സൂര്യകുമാറിനെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണ് “ഹർഭജൻ പറഞ്ഞു.

“കാരണം മിഡിൽ ഓവറിലാണ് സൂര്യകുമാറിന്റെ കളി, സഞ്ജുവിന് ആ കളിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു ആദ്യ പന്തിൽ തന്നെ വലിയ ഷോട്ടുകൾ കളിക്കുമ്പോൾ സൂര്യകുമാർ വലിയ സ്കോർ നേടാൻ നോക്കുന്നു.സൂര്യകുമാർ ഏകദിനത്തിൽ എന്താണ് ചെയ്തതെന്ന് പലരും ചോദിക്കുമെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് അത്രയും ദൈർഘ്യമുള്ളതാണെങ്കിൽ ആ സ്ഥാനത്ത് സൂര്യകുമാറിനേക്കാൾ മികച്ച ഒരു കളിക്കാരൻ ഇന്ത്യയിൽ ഇല്ലെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി ഇതുവരെ 26 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാറിന് 24.33 എന്ന ശരാശരിയിലും 101.38 സ്‌ട്രൈക്ക് റേറ്റിലും 511 റൺസ് മാത്രമേ നേടാനായുള്ളൂ, ഇതിൽ രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. മധ്യനിരയിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടും, ഏകദിനത്തെ സംബന്ധിച്ചിടത്തോളം പ്ലെയിംഗ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടത്ര ചെയ്യാൻ വലംകൈയ്യൻ പരാജയപ്പെട്ടു.എന്നിരുന്നാലും, ഇന്ത്യൻ ടീമിന് വേണ്ടി 5-ലും 6-ലും ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് സൂര്യകുമാർ നിർവഹിക്കുന്നതെന്നും യുവരാജ് സിങ്ങിനെയും എംഎസ് ധോണിയെയും പോലുള്ളവർ ടീമിനായി ചെയ്തതുപോലെ ചെയ്യാനുള്ള കഴിവുണ്ടെന്നും ഹർഭജൻ വിശ്വസിക്കുന്നു.

“ആ സ്ഥാനത്ത് അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് വിരാട് കോഹ്‌ലിയ്‌ക്കോ സഞ്ജുവിനോ രോഹിത് ശർമ്മയ്‌ക്കോ ചെയ്യാൻ കഴിയില്ല. കാരണം 5-6 എന്ന നമ്പറിൽ ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്”ഹർഭജൻ പറഞ്ഞു.2023ലെ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്‌ക്കായി പ്ലേയിംഗ് ഇലവനിൽ ഇടം നേടുന്നതിൽ സൂര്യകുമാറിന് പരാജയപ്പെട്ടു. പരിക്കിനെത്തുടർന്ന് ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ, പാകിസ്ഥാനെതിരെ ഏറെ ചർച്ച ചെയ്യപ്പെട്ട നാലാം നമ്പർ സ്‌ലോട്ട് അദ്ദേഹം കൈവശപ്പെടുത്തി.

Rate this post