‘ഹാട്രിക്ക് കിരീട നേട്ടവുമായി നീലക്കടുവകൾ’ : ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടം |India
ആവേശകരമായ കലാശ പോരാട്ടത്തിൽ പെനാൽറ്റിയിൽ കുവൈത്തിനെ തോൽപ്പിച്ച് തങ്ങളുടെ ഒമ്പതാം സാഫ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം ചരിത്രം കുറിച്ചിരിക്കുകയാണ്.നിശ്ചിത സമയത്തും അധിക സമയത്തും സമനില പൂട്ടിലായ കളിയിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യൻ ജയം. സ്കോർ: നിശ്ചിത സമയം: 1-1, ഷൂട്ടൗട്ട്: 5-4.
അതിഥികളായെത്തി കപ്പിൽ മുത്തമിടാനുള്ള കുവൈത്ത് മോഹങ്ങൾ ടൈബ്രേക്കറിൽ ക്യാപ്റ്റൻ ഖാലിദ് അൽ ഹാജിയയുടെ കിക്ക് തടഞ്ഞ് ഗോളി ഗുർപ്രീത് സിങ് ഇന്ത്യയുടെ വിജയശില്പിയായി മാറി.അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഇന്ത്യയുടെ പ്രകടനത്തെയും കുതിപ്പിനെയും അത്ഭുതത്തോടെയാണ് ആരാധകർ നോക്കികാണുന്നത്. ഈ വര്ഷം ഇന്റർകോണ്ടിനെന്റൽ കപ്പ് നേടി ഇന്ത്യ കഴിവ് പ്രകടിപ്പിച്ച് ഒരു സുപ്രധാന നേട്ടം കൈവരിച്ചു.വിജയം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, ശക്തരായ എതിരാളികളോട് മത്സരിക്കാനുള്ള കഴിവ് തെളിയിക്കുകയും ചെയ്തു.
സമീപകാലത്ത് മൂന്നു അന്താരാഷ്ട്ര കിരീടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്.സാഫ് കപ്പിനും ,ഇന്റർ കോണ്ടിനെന്റൽ കപ്പിന് പുറമെ ഹീറോ ട്രിനാഷൻ ടൂർണമെന്റ് കിരീടവും ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.മ്യാന്മർ,കിർഗിസ്ഥാൻ എന്നിവരായിരുന്നു ഈ ടൂർണമെന്റിൽ ഉണ്ടായിരുന്നത്. ഈ രണ്ട് ടീമുകളെയും പരാജയപ്പെടുത്തി കൊണ്ടാണ് ത്രിരാഷ്ട്ര കിരീടം ഇന്ത്യ നേടിയത്.രണ്ടാമത്തെ തവണയാണ് ഈ കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്.
മറ്റൊന്ന് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് ആണ്.ഇന്ത്യ,ലെബനൻ,വാനോട്ട് എന്നിവരായിരുന്നു ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്. ഈ ടൂർണമെന്റിൽ ആകെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണവും വിജയിച്ചുകൊണ്ട് ഇന്ത്യ കിരീടം നേടുകയായിരുന്നു.ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഇപ്പോൾ നൂറാം സ്ഥാനത്താണ്.ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോൾ സ്കോറിങ് മികവും നേതൃത്വ ഗുണവും ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ വലയ പങ്കാണ് വഹിക്കുന്നത്.അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനവും ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവും എടുത്തു പറയേണ്ടതാണ്.
Hero Tri-Nation Cup ✅
— Indian Football Team (@IndianFootball) July 4, 2023
Hero Intercontinental Cup ✅
Bangabandhu SAFF Championship ✅
Hat-trick of championships for 🇮🇳 🤩#KUWIND ⚔️ #IndianFootball ⚽️ pic.twitter.com/AaXq26vXik
ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ മാർഗനിർദേശപ്രകാരം ടീം കളിയോട് കൂടുതൽ തന്ത്രപരമായ സമീപനം സ്വീകരിച്ചു. പൊസഷൻ അധിഷ്‌ഠിത ഫുട്‌ബോളിനും അച്ചടക്കമുള്ള പ്രതിരോധത്തിനും സ്റ്റിമാക് നൽകിയ ഊന്നൽ ടീമിന്റെ പ്രകടനത്തെ ഉയർത്തുകയും മൈതാനത്ത് കെട്ടുറപ്പിന്റെ ബോധം വളർത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങൾ ടീമിന്റെ വളർച്ചയ്ക്കും ഭാവിയിലെ വിജയത്തിനുള്ള സാധ്യതയ്ക്കും കാരണമായി.