‘റിങ്കു സിംഗ് എന്നെ എംഎസ് ധോണിയെ ഓർമ്മിപ്പിക്കുന്നു’: സൂര്യകുമാർ യാദവ് | Rinku Singh

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിൽ റിങ്കു സിംഗ് ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.9 പന്തിൽ 4 ഫോറും 2 സിക്‌സും സഹിതം 31 റൺസെടുത്ത് പുറത്താകാതെ നിന്ന റിങ്കുവാണ് ഇന്ത്യയെ 20 ഓവറിൽ 235 എന്ന കൂറ്റൻ സ്‌കോറലിലെത്തിച്ചത്.ഓസീസിനെതിരെ രണ്ടു മത്സരത്തിലും മിന്നുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ പുതിയ ഫിനിഷറെ പ്രശംസിക്കുകയും എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ” റിങ്കു ശരിക്കും ശാന്തനാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്ക് 20 പന്തിൽ 42 റൺസ് വേണ്ടിയിരിക്കെയാണ് അദ്ദേഹം ഇറങ്ങുന്നത്.ഇന്നത്തെ കളിയിൽ, അദ്ദേഹത്തിന് രണ്ട് ഓവർ ഉണ്ടായിരുന്നു, ഞങ്ങൾ 220-225 റൺസ് സ്കോർ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അദ്ദേഹം ഞങ്ങളെ 235-ലേക്ക് കൊണ്ടുപോയി ” സൂര്യകുമാർ പറഞ്ഞു.

“റിങ്കു സിംഗ് ഗെയിമുകൾ പൂർത്തിയാക്കുന്ന രീതി എന്നെ ഒരാളെ ഓർമ്മിപ്പിക്കുന്നു.എല്ലാവർക്കും ആ വ്യക്തിയെക്കുറിച്ച് അറിയാം. ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം വർഷങ്ങളോളം ഇതേ ജോലി ചെയ്തു.” സ്കൈ കൂട്ടിച്ചേർത്തു.നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കുന്ന മുൻ ഇന്ത്യൻ താരം ധോണിയെക്കുറിച്ചാണ് സൂര്യ പറഞ്ഞത്.ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നുള്ള 26 കാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും തന്റെ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്.

ഐപിഎല്ലിലെയും മറ്റ് ആഭ്യന്തര ടൂർണമെന്റുകളിലെയും മികച്ച പ്രകടനം താരത്തെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കുകയും ചെയ്തു.ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്ക് റിങ്കുവിന് വിളിയെത്തി. അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സംഘത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു. താരതമ്യം ധോണിയുമായിട്ടാണെങ്കിലും റിങ്കുവിന്റെ റോള്‍മോഡല്‍ മറ്റൊരു താരമാണ്.

യുപിയില്‍ നിന്ന് തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയ സുരേഷ് റെയ്‌നയാണ് താരത്തിന്റെ ഇഷ്ട ക്രിക്കറ്റര്‍. കഷ്ടപ്പാടുകളുടെ കളിക്കളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ റെയ്‌ന നല്‍കിയിട്ടുള്ള സഹായങ്ങളെക്കുറിച്ച് റിങ്കു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Rate this post