‘വർഷങ്ങളായി അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നു, റൺവേട്ടയിൽ എപ്പോഴും മിടുക്കനാണ്’ : വിരാട് കോലിയെ പ്രശംസിച്ച് രോഹിത് ശർമ്മ | Virat Kohli

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.മാർച്ച് 9 ന് ദുബായിൽ ന്യൂസിലൻഡിനോടോ ദക്ഷിണാഫ്രിക്കയോടോ ഉള്ള കിരീട പോരാട്ടത്തിൽ ഇന്ത്യ കളിക്കും. തുടർച്ചയായ മൂന്നാം തവണയാണ് ടീം ഇന്ത്യ ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നത്.

2013-ൽ കിരീടം നേടിയതിനു ശേഷം 2017-ൽ ഇന്ത്യ ഫൈനലിൽ തോറ്റു. കംഗാരു ടീമിനെതിരായ 4 വിക്കറ്റ് വിജയത്തിന് ശേഷം, രോഹിത് ശർമ്മ തന്റെ സഹതാരങ്ങളെ വളരെയധികം പ്രശംസിച്ചു.മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾഔട്ടായി. 48.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് നേടിയാണ് ഇന്ത്യ മത്സരം വിജയിച്ചത്. ചേസ് മാസ്റ്റര്‍ വിരാട് കോലി ഒരിക്കല്‍ കൂടി മത്സരങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തില്‍ ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളും നിര്‍ണായകമായി. 98 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 84 റണ്‍സെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

വിരാടിനു പുറമേ ശ്രേയസ് അയ്യർ 45 റൺസും കെഎൽ രാഹുൽ പുറത്താകാതെ 42 റൺസും ഹാർദിക് പാണ്ഡ്യ 24 പന്തിൽ മൂന്ന് സിക്സറുകളുടെ സഹായത്തോടെ 28 റൺസും നേടി.”വർഷങ്ങളായി കോഹ്‍ലി ഇന്ത്യയുടെ മാച്ച് വിന്നറാണ്. ഇന്ത്യൻ താരങ്ങൾ ശാന്തമായാണ് ബാറ്റ് ചെയ്തത്. ശ്രേയസ് അയ്യരും വിരാട് കോഹ്‍ലിയും കളിച്ചതുപോലെ വലിയ കൂട്ടുകെട്ടുകൾ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. അക്സർ പട്ടേൽ-വിരാട് കോഹ്‍ലി, കെ എൽ രാഹുൽ-വിരാട് കോഹ്‍ലി എന്നിങ്ങനെയും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടായി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ അതിവേ​ഗം റൺസ് സ്കോർ ചെയ്തത് നിർണായകമായി” രോഹിത് പറഞ്ഞു.

“ടീമിൽ ആറ് ബൗളിംഗ് ഓപ്ഷനുകൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചു, എട്ടാം നമ്പർ വരെ ബാറ്റ് ചെയ്യാനും ഞാൻ ആഗ്രഹിച്ചു. ടീം രൂപീകരിക്കുമ്പോൾ ഞങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. ടീമിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളായ എല്ലാവർക്കും ക്രെഡിറ്റ് അവകാശപ്പെട്ടതാണ്. ഇത് നല്ലൊരു സ്കോർ ആണെന്ന് ഞങ്ങൾ കരുതി, നന്നായി ബാറ്റ് ചെയ്യേണ്ടി വന്നു, അങ്ങനെ ഞങ്ങൾ ചെയ്തു. ഞങ്ങൾ ശാന്തമായി കളിച്ചു, വിക്കറ്റും മികച്ചതായിരുന്നു. ഞങ്ങൾക്ക് നല്ല ക്രിക്കറ്റ് കളിക്കണം, പിച്ചിനെക്കുറിച്ച് അധികം ചിന്തിക്കരുത്” അദ്ദേഹം കൂട്ടിച്ചേർത്തു.

മറുവശത്ത്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്റെ ടീം 20 റൺസിന് പിന്നിലാണെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ബൗളർമാർ അവരുടെ ജോലി വളരെ നന്നായി ചെയ്തു. സ്പിന്നർമാർ നന്നായി പന്തെറിഞ്ഞു, പക്ഷേ ബാറ്റിംഗ് എളുപ്പമായിരുന്നില്ല. ഞങ്ങൾ ഏകദേശം 280 റൺസ് നേടേണ്ടതായിരുന്നു.”