ഗില്ലിനെയും അയ്യരെയും പുറത്തിരുത്താൻ ഇന്ത്യക്ക് കഴിയുമോ ?, സർഫറാസും റിങ്കുവും കാത്തിരിക്കുകയാണ് | IND vs ENG

190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത ശേഷം ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി.

ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). ആദ്യ ഇന്നിങ്സിൽ ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിഗ്‌സിൽ ഒരു താരവും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അവരുടെ അവസരങ്ങൾ പാഴാക്കി.കെ എൽ രാഹുൽ, ജയ്‌സ്വാൾ എന്നിവർ ആദ്യ ഇന്നിഗ്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ പരാജയമായി.അപ്രതീക്ഷിത തോല്‍വിയോടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം മല്‍സരത്തില്‍ ടീമില്‍ ഏതുരീതിയിലുള്ള മാറ്റം വരുത്തണമെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്. ഇപ്പോൾ ഇന്ത്യക്ക് ബാറ്റിംഗ് പ്രശ്‌നങ്ങൾ വളരെ കൂടുതലാണ്. ഗില്ലിന്റെ മോശം ഫോമാണ് ഇന്ത്യയെ കൂടുതൽ വലക്കുന്നത്.

2021-ൽ ടെസ്റ്റിൽ 30-ന് അടുത്താണ് ഗില്ലിന്റെ ശരാശരിയെങ്കിൽ 2023ൽ അത് 28.66 ആയി കുറഞ്ഞു. 2024-ൽ, അദ്ദേഹം കളിച്ച നാല് ഇന്നിംഗ്‌സുകളിൽ, ശരാശരി 17-ലധികം മാത്രമാണ്. അയ്യരെ സംബന്ധിച്ചിടത്തോളം ഷോർട്ട് ബോളുകൾക്കെതിരായ അദ്ദേഹത്തിൻ്റെ പോരായ്മകൾ വ്യക്തമാണ്. എന്നാൽ ഇന്ത്യയിൽ സ്പിന്നിനെതിരെയും മികവ് പുലർത്താനും അയ്യർക്ക് സാധിച്ചില്ല.സ്വന്തം തട്ടകത്തിൽ അയ്യർക്ക് 13 ഇന്നിങ്‌സുകളിൽ 36 ശരാശരിയിൽ 478 റൺസ് മാത്രമാണുള്ളത്. മധ്യ നിരയിൽ കെഎൽ രാഹുൽ സ്ഥിരത പുലർത്തതും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന കളിക്കാരാകും സ്പിന്‍ പിച്ചുകളില്‍ കൂടുതല്‍ തിളങ്ങാന്‍ സാധ്യതയെന്ന് കളി വിദഗ്ധർ പറയുന്നത്.

സർഫറാസ് ഖാൻ, റിങ്കു സിംഗ് എന്നിവർ അവസരത്തിനായി കാത്തു നിൽക്കുകയാണ്.രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മിന്നും പ്രകടനം പുറത്തെടുക്കുന്ന സര്‍ഫ്രസിന് സ്പിന്നിനെയും ഫാസ്റ്റിനെയും ഒരുപോലെ നേരിടാന്‍ സാധിക്കും. ശ്രേയസിന് പകരം മധ്യനിരയില്‍ സര്‍ഫ്രസിന് അവസരം കൊടുത്താല്‍ അതൊരു മികച്ച തീരുമാനമാവും.ടോം ഹാർട്ട്‌ലി, ജാക്ക് ലീച്ച് അല്ലെങ്കിൽ മറ്റ് ഇംഗ്ലണ്ട് സ്പിന്നർമാരെ നേരിടാൻ സ്പിന്നിനെതിരായ അദ്ദേഹത്തിൻ്റെ സാങ്കേതികത വളരെ ഫലപ്രദമാണ്. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റുകളിലും അദ്ദേഹം 55, 161 റൺസ് നേടിയിരുന്നു.ഇതുവരെ 45 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 3912 റണ്‍സാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ തന്നെ 14 സെഞ്ചുറികളും അടങ്ങിയിരിക്കുന്നു.

തീർച്ചയായും പരിഗണിക്കേണ്ട മറ്റൊരു കളിക്കാരൻ റിങ്കുവാണ്, 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 56-ന് മുകളിൽ ശരാശരിയുള്ള കളിക്കാരനാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിൽ അടുത്ത കാലത്തായി റിങ്കു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ടി 20 ടീമിലെ അവിഭാജ്യ ഘട്ടമാണ് റിങ്കു. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വരും മത്സരങ്ങളിൽ ഇന്ത്യ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.എന്നാൽ അതിനായി ധീരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും , അത് സംഭവിക്കുമോ ഇല്ലയോ എന്നത് കാണേണ്ടതുണ്ട്.

Rate this post