ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ|India vs Australia

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യർ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ് തിളങ്ങിയത്.

ബോളിങ്ങിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പ്രസീദ് കൃഷ്ണ എന്നിവർ ഇന്ത്യയുടെ അസ്ത്രങ്ങളായി മാറുകയായിരുന്നു. ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും നേടിയ ഈ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഋതുരാജിനെ(8) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഓസ്ട്രേലിയക്ക് സാധിച്ചു. എന്നാൽ ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും ഓസ്ട്രേലിയൻ ബോളിംഗ് നിരയെ വരിഞ്ഞു മുറുകുകയായിരുന്നു. ഗിൽ 97 പന്തുകളില്‍ 104 റൺസ് നേടിയപ്പോൾ, അയ്യർ 90 പന്തുകളിൽ 105 റൺസാണ് നേടിയത്. ഇരുവരും പുറത്തായ ശേഷമെത്തിയ നായകൻ രാഹുൽ 38 പന്തുകളിൽ 52 റൺസുമായി ആക്രമണം ആവർത്തിക്കുകയായിരുന്നു. ശേഷം അവസാന ഓവറുകളിൽ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിച്ചു. 37 പന്തുകളിൽ 6 ബൗണ്ടറികളും 6 സിക്ക്സറുകളും ഉൾപ്പെടെ 72 റൺസ് ആയിരുന്നു സൂര്യകുമാർ യാദവ് നേടിയത്. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 399 എന്ന വമ്പൻ സ്കോറിൽ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ താളം പിഴയ്ക്കുകയായിരുന്നു. ഓപ്പണർ മാത്യു ഷോർട്ട്(9) സ്റ്റീവ് സ്മിത്ത്(0) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് വാർണറും(53) ലബുഷൈനും(27) ചേർന്ന് ഓസ്ട്രേലിയയെ കരകയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മത്സരത്തിന്റെ ഒമ്പതാം ഓവറിൽ വീണ്ടും മഴയെത്തി. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറുകളിൽ 317 റൺസാക്കി ചുരുക്കി. മഴയ്ക്ക് ശേഷം മത്സരം ആരംഭിച്ചപ്പോഴും ഇന്ത്യയുടെ സ്പിന്നർമാർ കൃത്യമായ ആധിപത്യം സ്ഥാപിച്ചു.

രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഓസ്ട്രേലിയൻ ബാറ്റർമാരെ വരിഞ്ഞു മുറുകുകയായിരുന്നു. മത്സരത്തിന്റെ അവസാന സമയത്ത് ഷോൺ അബോട്ട്(54) ഓസ്ട്രേലിയക്കായി പൊരുതിയെങ്കിലും ശ്രമം വിഫലമായി മാറുകയായിരുന്നു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തി. പ്രസീദ് കൃഷ്ണയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി പിന്തുണയും നൽകി. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 99 റൺസിന്റെ വിജയം സ്വന്തമാക്കി.

Rate this post