തീയായി സൂര്യകുമാർ !! ഓസ്‌ട്രേലിയയോട് വേൾഡ് കപ്പ് ഫൈനലിലെ കണക്ക് തീർത്ത് ഇന്ത്യ | India vs Australia

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 2 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.14 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ് വിജയം പൂര്‍ത്തിയാക്കിയത്. അവസാന പന്തില്‍ സിക്സ് നേടിയാണ് റിങ്കു വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 208 എന്ന വമ്പൻ സ്കോർ സ്വന്തമാക്കുകയുണ്ടായി.

ജോഷ് ഇംഗ്ലീസിന്റെ തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിലായിരുന്നു ഓസീസിന്റെ ഈ വമ്പൻ പോരാട്ടം. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മികവ് പുലർത്തിയതോടെ ഇന്ത്യ വിജയത്തിൽ എത്തുകയായിരുന്നു. ഇതോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിക്കായി ആദ്യ ഓവറുകളിൽ മികവ് പുലർത്തി.

മത്സരത്തിൽ 41 പന്തിൽ 52 റൺസായിരുന്നു സ്മിത്ത് നേടിയത്. ശേഷം മൂന്നാമതായി ക്രീസിലെത്തിയ ജോഷ് ഇംഗ്ലീസാണ് മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് കൃത്യമായി പിടിച്ചെടുത്തത്. മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ബോളർമാരെയും അടിച്ചു തൂക്കി ഒരു തകർപ്പൻ സെഞ്ച്വറി നേടാൻ ഇംഗ്ലീസിന് സാധിച്ചു. മത്സരത്തിൽ 50 പന്തുകൾ നേരിട്ട ഇംഗ്ലീസ് 110 റൺസാണ് സ്വന്തമാക്കിയത്. 11 ബൗണ്ടറികളും 8 സിക്സറുകളും ഇംഗ്ലീസിന്റെ ഈ തകർപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടു.

ഇങ്ങനെ ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 208 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഋതുരാജിന്റെ വിക്കറ്റ് നഷ്ടമായി. പൂജ്യനായാണ് ഋതുരാജ് മടങ്ങിയത്. എന്നാൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. 39 പന്തുകളിൽ 2 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 58 റൺസാണ് കിഷൻ നേടിയത്. ഒപ്പം നായകൻ സൂര്യകുമാർ യാദവും ആക്രമണം അഴിച്ചു വിട്ടതോടെ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് എത്തുകയായിരുന്നു.ഇരുവരും 112 റണ്‍സാണ് കൂട്ടിചേര്‍ത്ത്.

ഒരു തകർപ്പൻ ഇന്നിംഗ്സ് മത്സരത്തിൽ കാഴ്ചവയ്ക്കാൻ സൂര്യയ്ക്ക് സാധിച്ചു. മത്സരത്തിൽ 42 പന്തുകൾ നേരിട്ട സൂര്യ 80 റൺസാണ് സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ റിങ്കു സിങ്ങും(28*) തകർപ്പൻ ഫിനിഷിങ്ങുമായി തിളങ്ങിയപ്പോൾ മത്സരത്തിൽ ഇന്ത്യ 2 വിക്കറ്റുകളുടെ തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് ആണ് വേണ്ടിയിരുന്നത് . സീന്‍ അബോട്ടിന്റെ ആദ്യ പന്തില്‍ തന്നെ റിങ്കു ബൗണ്ടറി നേടി. പിന്നീട് തുടരെ വിക്കറ്റ് വീണെങ്കിലും അവസാന പന്തിൽ സിക്സർ അടിച്ച് റിങ്കു ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Rate this post