തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി സൂര്യകുമാർ ,ക്യാപ്റ്റന്റെ ഇന്നിഗ്‌സുമായി കെഎൽ രാഹുൽ ; ആദ്യ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് ജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി 5 വിക്കറ്റ് നേടിയ മുഹമ്മദ് ഷാമി ബോളിങ്ങിൽ തിളങ്ങി. ബാറ്റിംഗിൽ ഓപ്പണർമാരായ ഋതുരാജ്, ശുഭമാൻ ഗിൽ എന്നിവർ മികവ് പുലർത്തുകയായിരുന്നു.

ഒപ്പം നായകൻ രാഹുലും സൂര്യകുമാർ യാദവും മികവുപുലർത്തിയതോടെ ഇന്ത്യ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഓസ്ട്രേലിയക്കെതിരെ ഉണ്ടായിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്കായി ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്.

വാർണർ 52 റൺസും, സ്റ്റീവ് സ്മിത്ത് 41 റൺസുമാണ് മത്സരത്തിൽ നേടിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഓസ്ട്രേലിയ 94 റൺസിന്റെ കൂട്ടുകെട്ടും കെട്ടിപ്പടുത്തു. പിന്നീടെത്തിയ ബാറ്റർമാരൊക്കെയും ക്രീസിൽ സമയം കണ്ടെത്തിയതോടെ ഓസ്ട്രേലിയയുടെ സ്കോർ കുതിക്കുകയായിരുന്നു. ലാബുഷൈൻ(39) ഗ്രീൻ(31) ഇംഗ്ലീസ്(45) സ്റ്റോയിനീസ്(29) എന്നിവർ ഓസ്ട്രേലിയക്കായി തരക്കേടില്ലാത്ത സംഭാവനകൾ നൽകി. ഇങ്ങനെ ഓസ്ട്രേലിയ 276 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഋതുരാജും ശുഭമാൻ ഗില്ലും കിടിലൻ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഋതുരാജ് 77 പന്തുകളിൽ 71 റൺസും, ശുഭമാൻ ഗിൽ 63 പന്തുകളിൽ 74 റൺസും നേടി. പിന്നീട് നായകൻ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. സൂര്യകുമാർ യാദവ് 49 പന്തുകളിൽ 50 റൺസ് നേടിയപ്പോൾ, നായകൻ രാഹുൽ 63 പന്തുകളിൽ 58 റൺസാണ് നേടിയത്. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിൽ എത്തിയിട്ടുണ്ട്.

Rate this post