ഇരട്ട ഗോളുകളുമായി ക്രിസ്ത്യാനോ റൊണാൾഡോ ,സൗദി പ്രൊ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി അൽ നാസർ കുതിക്കുന്നു|Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ റിയാദിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അൽ നാസറിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ അൽ നാസർ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ അഹ്‌ലിയെ തോൽപ്പിച്ചു.രണ്ട് പകുതികളുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ അൽ നാസറിനായി സ്കോർ ചെയ്തു.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു. സാദിയോ മാനേ കൊടുത്ത പാസിൽ നിന്നായിരുന്നു 38 കാരൻ ഗോൾ നേടിയത്. 17 ആം മിനുട്ടിൽ ബ്രസീലിയൻ ഫോർവേഡ് ആൻഡേഴ്സൺ ടാലിസ്ക അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി. 30 ആം മിനുട്ടിൽ ഫ്രാങ്ക് കെസി അൽ അഹ്ലിക്കായി ഒരു ഗോൾ മടക്കി.ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആൻഡേഴ്സൺ ടാലിസ്ക അൽ നാസറിനായി വീണ്ടും സ്കോർ ചെയ്തപ്പോൾ സ്കോർ3 -1 ആയി.

എന്നാൽ രണ്ടാം പകുതിയിൽ അൽ അഹ്ലി ശക്തമായി തിരിചുവന്നു. 50 ആം മിനുട്ടിൽ അൾജീരിയൻ വിങ്ങർ റിയാദ് മഹ്‌റസ് പെനൽറ്റി ഗോളാക്കി മാറ്റി സ്കോർ 3 -2 ആക്കി കുറച്ചു. എന്നാൽ 52 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ വീണ്ടും സ്കോർ ചെയ്തു സ്കോർ 4 –2 ആക്കി. 87 മിനുട്ടിൽ ഫെറാസ് അൽ ബിക്രൻ അൽ അഹ്ലിക്കായി ഒരു ഗോൾ കൂടി മടക്കി സ്കോർ 4 -3 ആക്കി.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം ലീഗിൽ തുടർച്ചയായി അഞ്ച് വിജയങ്ങളാണ് അൽ നാസർ ഇപ്പോൾ കുറിച്ചിരിക്കുന്നത്. ഈ ഏറ്റവും പുതിയ വിജയം അവരെ അൽ അഹ്‌ലിയ്‌ക്കൊപ്പം പോയിന്റ് നിലയിലും സൗദി പ്രോ ലീഗ് സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തും എത്തിക്കുന്നു.സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഏറ്റെടുത്ത നാല് ക്ലബ്ബുകളിൽ രണ്ടെണ്ണമാണ് അൽ നാസറും അൽ അഹ്‌ലിയും.

2.3/5 - (3 votes)