‘ഗിൽ + ജുറൽ’ : റാഞ്ചിയിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ | IND vs ENG

റാഞ്ചിയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ (3 -1 ). ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ന് ആദ്യ സെഷനിൽ തുടരെ വിക്കറ്റ് നഷ്ടമായെങ്കിലും ഗിൽ – ജുറൽ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയമൊരുക്കി. ഗിൽ 124 പന്തിൽ നിന്നും 52 റൺസും ജുറൽ 77 പന്തിൽ നിന്നും 39 റൺസ് നേടി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബഷിർ മൂന്നു വിക്കറ്റ് നേടി.

44 പന്തില്‍ 37 റണ്‍സുമായി യശസ്വി ജയ്‌സ്വാള്‍ ആദ്യം പുറത്തായി. ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന് ക്യാച്ച് നല്‍കിയാണ് മടക്കം. ടീം സ്‌കോര്‍ 99-ല്‍ നില്‍ക്കേ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും മടങ്ങി. 81 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സുമടക്കം 55 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്ടോം, ഹാര്‍ട്ട്‌ലിക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ രജത് പാട്ടിദര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ഷുഐബ് ബഷീറിന്റെ പന്തില്‍ ഒലീ പോപ്പിന് ക്യാച്ച് നല്‍കി മടങ്ങി. പരമ്പരയിലെ പാട്ടിദാറിന്റെ രണ്ടാമത്തെ ഡക്കായിരുന്നു ഇത്.

സ്കോർ 120 ൽ നിൽക്കെ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി , 4 റൺസ് നേടിയ ജഡേജയെ ഷുഐബ് ബഷീർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും പുറത്താക്കി ബഷീർ പുറത്താക്കിയതോടെ ഇന്ത്യ 120 ന് അഞ്ച്‌ എന്ന നിലയിലായി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ – ജുറൽ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോവുകയും സ്കോർ 150 കടത്തുകയും ചെയ്തു. ബഷിറിനെ സിക്സിന് പറത്തി ഗിൽ അർദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു.

നേരത്തെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ 145 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ചേര്‍ന്ന് നടത്തിയ വിക്കറ്റ് വേട്ടയാണ് ഇംഗ്ലീഷ് പടയെ ചെറിയ സ്‌കോറിന് എറിഞ്ഞൊതുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ അഞ്ചും കുല്‍ദീപ് നാലും വിക്കറ്റ് വീതം വീഴ്ത്തി.ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സിന് പുറത്താക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സെടുത്ത് 46 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്.

4/5 - (1 vote)