ജീവൻമരണപ്പോരിന് ഇന്ത്യ ഇന്നിറങ്ങുന്നു ,ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് പകരംവീട്ടാൻ രോഹിതും സംഘവും | SA vs IND, 2nd Test

പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫിക്കയെ നേരിടും.സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് തകർത്തത്.

ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികവ് തിരിച്ചുപിടിച്ചാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. ന്യൂ ഇയർ പോലും വലിയരീതിയിൽ ആഘോഷിക്കാതെ ടീം ഇന്ത്യ കഠിന പരിശീലനത്തിന് ഇറങ്ങിയതും ഇതുകൊണ്ടുതന്നെ. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര പരാജയം ഒഴിവാക്കാൻ എംഎസ് ധോണിക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനാകാൻ രോഹിത് ശർമ്മയ്ക്ക് ഇപ്പോഴും അവസരമുണ്ട്. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ എട്ട് ടെസ്റ്റ് പരമ്പരകൾ കളിച്ചിട്ടുണ്ട്, ഏഴ് വിജയങ്ങളും ഒരു സമനിലയും നേടി.സെഞ്ചൂറിയനിൽ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗ് യൂണിറ്റും പരാജയപ്പെട്ടു.

ആദ്യ ഇന്നിങ്സിൽ രാഹുലിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ 245 റൺസ് നേടിയ ഇന്ത്യക്കെതിരെ ഡീൻ എൽഗറിന്റെ 185 റൺസിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക 408 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 131 റൺസിന് പുറത്തായി.രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീമില്‍ മാറ്റം ഉറപ്പ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമിലെത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാവും സ്ഥാനം നഷ്ടമാവുക. പരിശീലനത്തിനിടെ പരിക്കേറ്റ ഷാർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ പര്യടന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പേസർ ആവേശ് ഖാനെ ഇന്ത്യ രണ്ടാം ടെസ്റ്റിലേക്ക് വിളിച്ചു.

ആദ്യ ദിനം മഴയെത്തുടർന്ന് ഇന്ത്യ എ ദക്ഷിണാഫ്രിക്ക എയെ ചതുര് ദിന മത്സരത്തിൽ സമനിലയിൽ തളച്ചപ്പോൾ ആവേശ് അഞ്ച് വിക്കറ്റ് വീഴ്ത്തി.ആവേശ് ഖാനും ഇന്ന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്.സെഞ്ചൂറിയനിൽ ഫീൽഡിംഗിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ റെഗുലർ ക്യാപ്റ്റൻ ടെംബ ബാവുമയുടെ അഭാവത്തിൽ, വിടവാങ്ങൽ ടെസ്റ്റ് മത്സരത്തിൽ എൽഗർ ടീമിനെ നയിക്കും. ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സുബൈർ ഹംസ, പരിക്കേറ്റ ബാവുമയ്ക്ക് പകരക്കാരനായി ആദ്യ ഇലവനിൽ എത്തിയേക്കും.ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ജെറാൾഡ് കോട്‌സിക്കും പരിക്കേറ്റതിനാൽ കേപ്ടൗണിൽ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ കേശവ് മഹാരാജിനെ ടീമിലെത്തിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യ: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക: ഡീൻ എൽഗർ (സി), സുബൈർ ഹംസ, ടോണി ഡി സോർസി, എയ്ഡൻ മാർക്രം, കീഗൻ പീറ്റേഴ്സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറിയൻ (ഡബ്ല്യുകെ), മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ.

Rate this post